ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാലയെടുത്ത് ഓടി

ഒറ്റപ്പാലം നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. ഹെൽമെറ്റ് ധരിച്ചെത്തിയ ആള്‍ അകത്തു കയറി ട്രേയിൽ നിന്നു സ്വർണമാലകൾ കൈക്കലാക്കി ഒാടി സ്‌കൂട്ടറെടുത്തു രക്ഷപ്പെടുകയായിരുന്നു. ടി.ബി റോഡിലെ പാറയ്ക്കൽ ജ്വല്ലറിയിൽ നിന്നാണ് സ്വർണാഭരണം കവർന്നത്. 

ഹെൽമെറ്റ് ധരിച്ചെത്തിയ ആള്‍ അകത്തു കയറി ട്രേയില്‍ വച്ചിരുന്ന മൂന്ന് സ്വർണമാലകളെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. രണ്ടര പവൻ തൂക്കം വരുന്ന മാലകളാണു ആദ്യം കൈക്കലാക്കിയത്. ജീവനക്കാരനായ പാലപ്പുറം സ്വദേശി ഉണ്ണികൃഷ്ണൻ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. മറ്റ് ജീവനക്കാര്‍ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മോഷ്ടാവ് സ്‌കൂട്ടറിൽ കയറുന്നതിനിടെ മാലകൾ പോക്കറ്റിലിടാൻ ശ്രമിച്ചപ്പോൾ രണ്ടെണ്ണം താഴെ വീഴുകയായിരുന്നു. പിന്നീട് ഇവ ഉപേക്ഷിച്ച് ഇയാൾ കയ്യിൽ കിട്ടിയ മാലയുമായി സ്‌കൂട്ടറിൽ അതിവേഗം സ്ഥലം വിട്ടു. ടിബി റോഡിൽ നിന്ന് പാലക്കാട്, കുളപ്പുള്ളി പ്രധാന പാതയിലേക്കാണ് ഇയാൾ പാഞ്ഞത്. 

പാന്റ്സും ഷർട്ടുമാണ് മോഷ്ടാവിന്റെ വേഷം. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. അതേസമയം, മോഷ്ടാവ് എത്തിയത് കവര്‍ന്ന സ്‌കൂട്ടറിലാണെന്ന സംശയത്തിലാണു പൊലീസ്. തിങ്കളാഴ്ച രാത്രി വരോട്ടു നിന്നു മോഷ്ടിച്ച സ്കൂട്ടറാണിതെന്ന സംശയമാണ് ബലപ്പെടുന്നത്. ഒറ്റപ്പാലം എ.എസ്.പി രാജേഷ്കുമാർ, ഇൻസ്‌പെക്ടർ ടി.പി ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി പരിശോധിച്ചു.  ജ്വല്ലറിയിലെ സിസി.ടി.വിക്ക് സാങ്കേതിക പ്രശ്‌നമുണ്ടെന്നിരിക്കെ സമീപത്തെ മറ്റ് സ്ഥാപനങ്ങളുടെ ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Ottapalam jewellery theft