ആംബുലന്‍സ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഉന്തും തള്ളും

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. നാട്ടില്‍കറങ്ങുന്ന കാട്ടുപോത്തിനെ വെടിവയ്ക്കാന്‍  ഉത്തരവിടണമെന്ന ആവശ്യം ഉയര്‍ത്തിയാണ് പ്രതിഷേധം. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. വെടിവയ്ക്കാന്‍ ഉത്തരവിടാമെന്ന കലക്ടറുടെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.  കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാെള ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു

കൃഷിയിടത്തില്‍ വെച്ചാണ് വയോധികനെ കാട്ടുപോത്ത് ആക്രമിച്ചത്. പാലാട്ടി അബ്രഹാം (69) ആണ് മരിച്ചത്. വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരന്തരം കാട്ടുപോത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കയ്യിലുള്ളത് പടക്കംമാത്രമാണെന്നും ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാനുള്ള സംവിധാനംപോലുമില്ലെന്നും ഇവര്‍ പറയുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നു വനംമന്ത്രി  എ.കെ. ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും മന്ത്രി മനോരമ ന്യൂസിനോടു പറഞ്ഞു. 

Kozhikode farmer killed in gaur attack