ഇടുക്കിയിൽ വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ വളർത്തു മൃഗങ്ങളെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. രണ്ട് മാസത്തിനിടെ ഇരുപതോളം വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.

ഇല്ലിചാരിയിലും പരിസരപ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും പൂച്ച പുലിയാകമെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. വളർത്തുമൃഗങ്ങൾ തുടർച്ചയായി ചത്തതോടെയാണ് മേഖലയിൽ ക്യാമറ സ്ഥാപിച്ചത്. പുലി ഇപ്പോഴും ജനവാസമേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. 

റബർ തോട്ടങ്ങളിലെ പാറയിടുക്കുകളിൽ പുലി ഉണ്ടാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. മുട്ടം, കരിങ്കുന്നം, അമ്പലപ്പടി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ മേഖലയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 

idukki wild animal attack