കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി; സര്‍ക്കാരിനു തിരിച്ചടി

സംസ്ഥാനസര്‍ക്കാര്‍ നിയമനത്തില്‍ ഇടപെട്ടെന്ന് കടുത്ത പരാമര്‍ശത്തോടെ കണ്ണൂര്‍ സര്‍വകലാശാല  വി സി ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമനത്തിന് മുന്‍കൈ എടുത്തെന്ന  ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ്  ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന് സുപ്രീംകോടതി വിമര്‍ശിച്ചത് സര്‍ക്കാരിന്‍റെ സമര്‍ദത്തില്‍  നിയമനത്തിനുള്ള നിയമപരമായ അധികാരങ്ങൾ ഗവർണര്‍ ഉപേക്ഷിക്കുകയോ സര്‍ക്കാരിന് കീഴടങ്ങുകയോ ചെയ്തുവെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്  കുറ്റപ്പെടുത്തി 

വൈസ് ചാന്‍സിലറെ  പുനര്‍നിയമിക്കാമോ,  പുനര്‍നിയമനത്തിന് പ്രായപരിധിയുണ്ടോ ,  വൈസ് ചാന്‍സിലറെ നിയമിക്കുന്ന അതേ മാനദണ്ഡം  പുനര്‍നിയമനത്തിന് ബാധകമാണോ , വൈസ ് ചാന്‍സിലറെ നിയമിക്കാനുള്ള നിയമപരമായ അധികാരം ചാന്‍സിലറായ ഗവര്‍ണര്‍ അടിയറവ് വെയ്ക്കുകയോ കീഴടങ്ങുകയോ ചെയ്തോ തുടങ്ങിയ നാലു സുപ്രധാന കാര്യങ്ങളാണ് സുപ്രീംകോടതി  പരിശോധിച്ചത്. ആദ്യത്തെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഗോപിനാഥ് രവീന്ദ്രന്‍റെ വാദങ്ങള്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും ഗവര്‍ണറുടെ നിയമന അധികാരം എന്ന വിഷയവും സര്‍ക്കാര്‍ സമ്മര്‍ദവും ചൂണ്ടിക്കാട്ടിയാണ് പുനര്‍നിയമനം റദ്ദാക്കിയത്.  ഗോപിനാഥ് രവീന്ദ്രന്‍റെ യോഗ്യതക്കുറവല്ല , നിയമന രീതി ചട്ടം ലംഘിച്ചു എന്നതാണ് നിയമനം റദ്ദാക്കാന്‍ കാരണമെന്ന് ജസ്റ്റീസ് ജെ പി പരിദിവാല വിധിയില്‍ വ്യക്തമാക്കി . പുനര്‍നിയമനം നല്‍കുന്നതില്‍ ഗവര്‍ണര്‍ നിയപരമായ അധികാരം അടിയറവ് വെയ്ക്കുകയോ കീഴടങ്ങുകയോ ചെയ്തുവെന്ന് സുപ്രീകോടതി  വിമര്‍ശിച്ചു.   

ഗവര്‍ണറാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് എന്ന് നിഷേധിച്ചുള്ള രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പാണ്  സുപ്രീംകോടതി വിധിക്ക്  മുഖ്യമായും കാരണമായത് . തീരുമാനം എടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമാണ് എന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നുവെന്് സുപ്രീംകോടതി വ്യക്തമാക്കി. ഉന്നവിദ്യാഭ്യാസമന്ത്രിയുടെയും അഡ്വക്കേറ്റ് ജനറലന്‍റെയും അഭ്യര്‍ഥന അനുസരിച്ച് പുനര്‍നിയമനം നല്‍കിയതെന്ന രാജ്ഭവന്‍  വെളിപ്പെടുത്തല്‍ ബാഹ്യസമ്മര്‍ദമായി സുപ്രീംകോടതി പരാമര്‍ശിച്ചു.  വൈസ് ചാൻസലറെ നിയമിക്കുന്നതിനോ പുനർനിയമിക്കുന്നതിനോ  അധികാരം ചാന്‍സിലര്‍ക്കാണ്. അതില്‍ ഇടപെടാൻ മറ്റൊരു വ്യക്തിക്കോ  പ്രോ ചാൻസലർക്കോ ഏതെങ്കിലും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കോ സാധ്യമല്ല . 

അത്തരത്തില്‍ എടുക്കുന്ന  തീരുമാനം  നിയമവിരുദ്ധമായിരിക്കും. ഇതാണ് കണ്ണൂര്‍ വിസിയുടെ കാര്യത്തില്‍ സംഭവിച്ചത്. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെ‍ഞ്ചു ശരിവെച്ച് ഉത്തരവാണ് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരുടെ അപ്പീല്‍ പരിഗണിച്ച് റദ്ദാക്കിയത്. സര്‍ക്കാര്‍ അനധികൃത സമ്മര്‍ദം ചെലുത്തിയെന്ന സുപ്രീംകോ‍ടി പരമാര്‍ശം സര്‍ക്കാരിന് കനത്ത തിരിച്ചടിയും  ക്ഷീണവുമാണ് 

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. റിവ്യു ഹര്‍ജി നല്‍കില്ല. നാളെ ഡല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കും. പുനര്‍നിയമനത്തില്‍ തെറ്റ് തോന്നിയിട്ടില്ല. താന്‍‌ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയത്. ഗവര്‍ണറോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 

കണ്ണൂര്‍ വി.സി നിയമനം മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ സമ്മര്‍ദം മൂലമെന്ന് ഗവര്‍ണര്‍ . ഉന്നതവിദ്യാഭ‌്യാസമന്ത്രിയെ കരുവാക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നുകണ്ട് കണ്ണൂര്‍ തന്‍റെ നാടാണെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ നിയമോപദേശകന്‍ വന്നുകണ്ടു. വിസി നിയമനത്തിനായുള്ള നടപടിക്രമങ്ങള്‍ താന്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവണര്‍ കുറ്റപ്പെടുത്തി. 

Kannur University V.C. re-appointment was canceled by SC