കോടതി വിധി ആര്‍ക്കൊക്കെ അടി? മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം എത്ര?

ഗവര്‍ണര്‍ ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെന്നും ജനോപകാരപ്രദമായ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് മൂലം ഭരണപ്രതിസന്ധിയെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുകൊണ്ടേയിരുന്നു, ഒടുവില്‍ കോടതിയില്‍ പോയി. സുപ്രീംകോടതി കേരള ഗവര്‍ണറോട് അതിനിശിതമായി ചിലത് പറയുന്നു. ഇതെല്ലാം സര്‍ക്കാരിന്റെ താല്‍പര്യത്തിന് ഗവര്‍ണര്‍ വഴങ്ങാത്ത പ്രശ്നമാണ്. ബില്ലുകളില്‍ രണ്ടുവര്‍ഷം എന്തെടുക്കുകയായിരുന്നു എന്നാണ് ഗവര്‍ണറോട് കോടതി ഇന്നലെ ചോദിച്ചത് എങ്കില്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിന് വഴങ്ങിയ അതേ ഗവര്‍ണറുടെ മറ്റൊരു ഉത്തരവാണ് ഇന്ന് കോടതി കീറി കൊട്ടയില്‍ ഇടുന്നത് എന്നത് അല്‍പം വിചിത്രമാണ്. കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനം. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ ഡോ.ഗോപിനാഥ് രവീന്ദ്രന് പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടിക്രമം തുടങ്ങവെ ഡോ ഗോപിനാഥ് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ കത്ത്. മുഖ്യമന്ത്രിയുടെ നിയമോപദേശകന്റെ ഇടപെടല്‍. അഡ്വക്കറ്റ് ജനറലിന്റെ കത്ത്. ഇതെല്ലാം പരിഗണിച്ച് ആദ്യ എതിര്‍പ്പ് വിഴുങ്ങി ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങുന്നു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഗവര്‍ണറുടെ തന്നെ തുറന്നുപറച്ചിലുകള്‍ പരിഗണിച്ച് നിയമനം സുപ്രീംകോടതി റദ്ദാക്കുന്നു. ഗവര്‍ണര്‍ സ്വതന്ത്രമായി തന്റെ അധികാരം ഉപയോഗിച്ചില്ല എന്ന് കണ്ടെത്തുന്നു. മറിച്ച് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത് എന്നുകൂടി. അപ്പോള്‍ കണ്ണൂര്‍ വിസി പുറത്തുപോകുമ്പോള്‍ ആരൊക്കെ ഉത്തരം പറയണം? ഉത്തരവാദിത്തം എവിടെവരെ? 

Counter point on kannur university vc reappointment