‘വിധിയില്‍ തിരിച്ചടി സര്‍ക്കാരിനല്ല, ഗവര്‍ണര്‍ക്ക്’; വിശദീകരിച്ച് മുഖ്യമന്ത്രി

കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ ഗവർണറെ പഴിചാരി മുഖ്യമന്ത്രി. സർക്കാരിനല്ല ഗവർണർക്കാണ് തിരിച്ചടിയേറ്റത്. ബാഹ്യ സമ്മർദമെന്ന് ഗവർണർ ആവർത്തിച്ച് പറഞ്ഞത് സുപ്രീം കോടതി ഉത്തരവിലൂടെ ശരിയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ലെന്നും മുഖ്യമന്ത്രി പാലക്കാട് കുളപ്പുള്ളിയിൽ പറഞ്ഞു. പരമോന്നത കോടതിയുടെ വിമർശനമേറ്റ ഗവർണർ ആ സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ നേരത്തെ പറഞ്ഞ അഭിപ്രായം തന്നെയാണുള്ളത്. സർക്കാരിന് തിരിച്ചടിയില്ലെന്ന് സാങ്കേതികത്വം പറഞ്ഞ് വാദിച്ച മുഖ്യമന്ത്രി ചാൻസലറുടെ മാത്രം പിഴവെന്ന് ആവർത്തിച്ച് വ്യക്തമാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 

അതേസമയം, കണ്ണൂര്‍ വിസിയായി ഡോക്ടര്‍ ബിജോയ് നന്ദനെ നിയമിക്കാന്‍ രാജ്ഭവന്‍ തീരുമാനം. ഉത്തരവ് വൈകാതെ പുറത്തിറക്കുമെന്നും കണ്ണൂരിലേക്ക് എത്തിച്ചേരാന്‍ ഡോക്ടര്‍ ബിജോയ് നന്ദന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്ഭവന്‍ അറിയിച്ചു. നിലവില്‍ കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദന്‍. 

Supreme court verdict is not backlash for govt , says CM