മണിപ്പൂരിൽ സൈന്യത്തിന്‍റെ ആയുധവേട്ട; നാല് ജില്ലകളില്‍ പരിശോധന

സംഘർഷാന്തരീക്ഷം തുടരുന്ന മണിപ്പൂരിൽ നാല് ജില്ലകളിൽനിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽനിന്നാണ്  ബോംബുകളും തോക്കുകളുമുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ഇന്നലെ ഖൊക്കന്‍ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അസം റൈഫിൾസാണ് മൂവരുടെയും മൃതദേഹങ്ങൾ വീണ്ടെടുത്തത്. കരസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് കനത്തസുരക്ഷ ഏർപ്പെടുത്തി. മണിപ്പൂർ കലാപത്തിൽ പൊലീസ് ഇതുവരെ 3,734 കേസുകളെടുത്തു. കഴിഞ്ഞമാസം മൂന്നാംതീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.