ശ്രദ്ധയുടെ മരണം: അമല്‍ജ്യോതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. ചർച്ചയ്ക്ക് കോളജിൽ എത്തിയ ചീഫ് വിപ്പ് എൻ ജയരാജിനെ തടഞ്ഞ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച വിദ്യാർഥികൾക്ക് കേസ് അന്വേഷണത്തിന്‍റെ കാര്യത്തിലും സംശയങ്ങളുണ്ട്. മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ ഉണ്ടാവില്ലെന്ന് മന്ത്രിമാർ പങ്കെടുത്ത ചർച്ചയിൽ ഉറപ്പു നൽകിയിരുന്നെങ്കിലും സർക്കാരിന്റെ തന്നെ സംവിധാനമായ പൊലീസ് പ്രതികാര നടപടിയെടുത്തെന്നാണ് വിദ്യാർഥികളുടെ പരാതി. ചീഫ് വിപ്പ് എൻ ജയരാജിനെ തടഞ്ഞ കണ്ടാലറിയാവുന്ന 50 വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പരാതിയില്ലെന്നും ചീഫ് വിപ്പ് എൻ ജയരാജും അറിയിച്ചു.ശ്രദ്ധയുടെ മുറിയിൽ നിന്ന്  കണ്ടെടുത്തുവെന്ന് പറയുന്ന കുറിപ്പ് സംബന്ധിച്ചും സംശയം തുടരുകയാണ്. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പൊലീസും ഫൊറൻസിക് സംഘവും ആത്മഹത്യ നടന്ന മുറിയിൽ എത്തി തെളിവുകൾ ശേഖരിച്ചത്.പൊലീസെത്തും വരെ ആത്മഹത്യ നടന്ന മുറിയുടെ താക്കോൽ കോളജ് അധികൃതർ തന്നെ സൂക്ഷിച്ചതിൽ സംശയമുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. 

Shraddha's death: Case filed against students who protested at Amaljyoti college