'ഞാന്‍ പോകുന്നു'; ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് കിട്ടി: പൊലീസ്

അമൽജ്യോതി കോളജ് വിദ്യാര്‍ഥിനി  ശ്രദ്ധ സതീഷിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്. ആത്മഹത്യയ്ക്ക് കാരണമെന്തെന്ന് കുറിപ്പിൽ ഇല്ല. അന്വേഷണം ആരംഭിച്ചതായും സംശയം തോന്നുന്നവരെ കൃത്യമായി ചോദ്യം ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത് ആറാം ദിനം പിന്നിടുമ്പോഴും കുറ്റാരോപിതരെ ചോദ്യം ചെയ്തിട്ട് പോലുമില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണങ്ങൾ. ശ്രദ്ധയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം ഫലത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ആത്മഹത്യക്ക് പ്രേരണ ഉണ്ടാക്കിയത് ആരെന്ന് പരിശോധിക്കാൻ സംശയമുള്ളവരെയെല്ലാം ചോദ്യംചെയ്യും.

ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയ കുറിപ്പിൽ ഞാൻ പോകുന്നു എന്ന് മാത്രമാണ് എഴുതിയിട്ടുള്ളത് എന്ന പൊലീസ് വാദം വിദ്യാർഥികൾ മുഖവിലക്കെടുത്തിട്ടില്ല. മുറിയിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളെ കോളജ് അധികൃതർ പിന്നീട് രഹസ്യമായി വിളിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് വിദ്യാർഥികളുടെ വാദം. ശ്രദ്ധയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വിശദ പരിശോധനയ്ക്കായി അയച്ചു നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ  മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്