‘സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്’; ബുക്ക് ചെയ്തത് 2 റൂമുകള്‍

കൊല്ലപ്പെട്ട വ്യാപാരി സിദ്ദിഖ്, കസ്റ്റഡിയിലുള്ള ആഷിക്ക്

വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ മൃതദേഹമാണെന്നാണ് സംശയം. ഒപന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദീഖിന്റെ സഹോദരൻ പറ‍ഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടലില്‍ പ്രതികള്‍ രണ്ടു റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഒന്നാംനിലയിലെ 3,4 നമ്പര്‍ റൂമുകളാണ് ബുക്ക് ചെയ്തത്.

‘കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് വീട്ടിൽനിന്ന് പോയത്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ സിദ്ദീഖ് കടയിൽനിന്ന് പോയി. വൈകിട്ട് ഹോട്ടലിലെ സ്റ്റാഫ് സാധനങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിനെ വിളിച്ചപ്പോൾ തലശേരിയിലാണ്, വരാൻ വൈകും, നിങ്ങൾ തന്നെ സാധനങ്ങൾ വരുത്താനാണ് അവരോട് പറഞ്ഞത്.’

‘അതിനുശേഷം ഞങ്ങൾ രാത്രി വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു. സാധാരണ യാത്രയിൽ ഫോൺ ഓഫായാലും പിന്നീട് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ പിന്നീട് ഞങ്ങളെ വിളിച്ചിട്ടില്ല. കോഴിക്കോടും ഹോട്ടൽ നടത്തുന്ന സിദ്ദീഖ് ചിലപ്പോൾ രണ്ടു ദിവസമൊക്കെ അവിടെ താമസിക്കാറുണ്ട്. അതിനു ശേഷമാണ് വീട്ടിലേക്ക് വരാറ്. എന്നാൽ പോയി കുറച്ചു ദിവസങ്ങളായിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഹോട്ടലിൽനിന്ന് ഇങ്ങോട്ട് ജീവനക്കാർ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നൽകിയത്’– സിദ്ദീഖിന്റെ സഹോദരൻ പറഞ്ഞു. 

രണ്ടു ലക്ഷത്തോളം രൂപ സിദ്ദീഖിന്റെ എടിഎം വഴി നഷ്ടമായെന്നും സഹോദരൻ പറഞ്ഞു.സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നുവെന്ന് മകൻ പറഞ്ഞു. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഈ എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത് സിദ്ദീഖ് അല്ലെന്ന് മനസ്സിലായി. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.

Siddique Murder Case- Updates