പെട്രോള്‍, ഡീസല്‍ സെസ്: അധിക നികുതി വഴി ഖജനാവിലെത്തുക 930 കോടി

petrol-pump
SHARE

വിലക്കയറ്റത്തിന് വഴിവച്ച് പെട്രോളിനും ഡീസലിനും ശനിയാഴ്ച ലീറ്ററിന് രണ്ടുരൂപ വീതം വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ ചുമത്തിയ സാമൂഹികസുരക്ഷാ സെസ് നിലവില്‍ വരുന്നതോടെയാണിത്. ഇതുവഴി വര്‍ഷം 750 കോടി അധികമായി കിട്ടുമെന്നാണ് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞതെങ്കിലും 930 കോടിയെങ്കിലും കിട്ടുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില്‍പന വിലയ്ക്ക് മേലാണ് രണ്ടുരൂപ സെസ് വരുന്നത്. തിരുവനന്തപുരത്ത് ബി.പി.സി.എല്‍ പമ്പില്‍ പെട്രോളിന് 107 രൂപ 71 പൈസയും ഡീസലിന് 96.52 പൈസയുമാണ് വില. സെസ് നിലവില്‍ വരുന്നതോടെ ശനിയാഴ്ച  പെട്രോള്‍ ലീറ്ററിന് 109 രൂപ 71 പൈസയും ഡീസലിന് 98 രൂപ 52 പൈസയുമാകും. കഴിഞ്ഞ പത്തുമാസമായി ഇന്ധനവില കുറയ്ക്കുകയോ കൂട്ടുകയോ ചെയ്തിരുന്നില്ല. ക്രൂഡോയില്‍ വില ബാരലിന് 73 ഡോളര്‍വരെയായി താഴ്ന്നിട്ടും എണ്ണകമ്പനികള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പറ്റാത്ത സ്ഥിതിയിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും. 

പ്രതിഷേധവും സമരവും കടുത്തപ്പോഴും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സെസ് അനിവാര്യമാണെന്ന നിലപാടില്‍ നിന്ന് അയയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 750 കോടിയുടെ അധികവരുമാനം ഇതുവഴി കിട്ടുമെന്നാണ് ബജറ്റില്‍ പറഞ്ഞത്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ വച്ച രേഖ തെളിയിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ ആകെ വിറ്റത് 465 കോടി ലീറ്റര്‍ ഇന്ധനമാണ്. രണ്ടുരൂപ വര്‍ധനയിട്ട് കണക്കാക്കിയാല്‍ വരുമാനത്തിലെ വര്‍ധന 930.32 കോടിയാകും. 

സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വുണ്ടെന്ന സര്‍ക്കാര്‍ അവകാശവാദം കണക്കിലെടുത്താല്‍ ഇന്ധന വില്‍പന ഇനിയും ഉയരാനാണ് സാധ്യത. ബജറ്റില്‍ പറഞ്ഞതിലും ശതകോടിക്കണക്കിന് രൂപ ജനങ്ങളുടെ കീശയില്‍ നിന്ന് ഖജനാവിലേക്ക് എത്തുമെന്ന് സാരം.

MORE IN BREAKING NEWS
SHOW MORE