സംഘപരിവാറിന്റെ നുണ പൊളിഞ്ഞു; കൂടുതല്‍ പ്രതികളുണ്ട്: സന്ദീപാനന്ദഗിരി

ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി സന്ദീപാനന്ദഗിരി. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ട്. സംഘപരിവാറിന്റെ നുണപ്രചാരണം പൊളിഞ്ഞതായും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് പ്രതീക്ഷയെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. 

അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന നിഗമനത്തിലുറച്ച് ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളിലൊരാളായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തു. തീയിട്ടതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത കുണ്ടമണ്‍കടവ് സ്വദേശി പ്രകാശാണെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശബരിമല യുവതി പ്രവേശന വിവാദം കത്തിനില്‍ക്കെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ചത്. മുഖ്യമന്ത്രി വരെ ഓടിയെത്തിയ കേസായിട്ടും പ്രതികളെ മാത്രം പിടിക്കാതെ അന്വേഷണം നീണ്ടുപോയി. സ്വയം കത്തിച്ചതാണെന്നും അല്ല ആര്‍.എസ്.എസുകാരണെന്നുമെല്ലാം പറഞ്ഞ് വിവാദങ്ങളും വഴിത്തിരിവുകളും പലതുണ്ടായി. ഒടുവില്‍  തീപിടിത്തതിന് നാല് വര്‍ഷവും നാല് മാസവും തികയുമ്പോഴാണ് കേസിലെ ആദ്യ അറസ്റ്റ്. ആശ്രമത്തിന് സമീപത്ത് താമസിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊച്ചുകുമാര്‍ എന്ന കൃഷ്ണകുമാര്‍. തീപിടുത്തതിന് ശേഷം ആശ്രമത്തില്‍ കണ്ട റീത്ത് നിര്‍മിച്ചത് കൃഷ്ണകുമാറെന്നാണ് കണ്ടെത്തല്‍. തീവയ്പ്പിന്റെ ആസൂത്രണത്തിലും പങ്കുണ്ട്. 

തീവയ്പ്പ് കേസിലെ മുഖ്യപ്രതിയായ പ്രകാശിന്റെ ആത്മഹത്യാകേസില്‍ അറസ്റ്റിലായ കൃഷ്ണകുമാറിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണകുമാറിന്റെ അറസ്റ്റോടെ ആശ്രമം കത്തിക്കല്‍ കേസ് തെളിഞ്ഞെന്നും ക്രൈംബ്രാഞ്ച് എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലെ അന്വേഷണസംഘം അവകാശപ്പെട്ടു. ആത്മഹത്യ ചെയ്ത  പ്രകാശും ശബരി എസ്.നായര്‍ എന്ന മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും ചേര്‍ന്നാണ് തീയിട്ടത്. വിജിലേഷ് എന്ന മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ബൈക്കിലാണ് ഇവര്‍ ആശ്രമത്തിലെത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഖ്യതെളിവായി ലഭിച്ചു. തീവയ്പ്പിന് പിന്നാലെ 8 വര്‍ഷം മാത്രം പഴക്കമുള്ള ഈ ബൈക്ക് പൊളിച്ചുവിറ്റതും പ്രധാന തെളിവാണെന്നും ക്രൈംബ്രാഞ്ച് വാദിക്കുന്നു. പ്രകാശ് മരിച്ചതിനാല്‍  ശബരി, വിജിലേഷ് എന്നിവരെ പിടിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ അടുത്തലക്ഷ്യം. 

Sandeepananda Giri's ashram burning case RSS activist held