'സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണം'; ആശ്രമം കത്തിക്കാന്‍ നിര്‍ദേശിച്ചത് ഗിരികുമാര്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാന്‍ നിര്‍ദേശിച്ചത് ബി.ജെ.പി നേതാവ് വി.ജി.ഗിരികുമാറെന്ന് ക്രൈംബ്രാഞ്ച്. ശബരിമല യുവതി പ്രവേശത്തെ അനുകൂലിച്ചതിലുള്ള വൈരാഗ്യമായിരുന്നു കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വി.ജി.ഗിരികുമാറിനെന്ന് ഉറപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. അതിന്റെ കാരണമായതാകട്ടെ ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിയുടെ നിലപാടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശ്രമം കത്തുന്നതിന് ആറ് ദിവസം മുന്‍പ്, 2018 ഒക്ടോബര്‍ 21ന് പ്രദേശത്തെ കൗണ്‍സിലറായ ഗിരികുമാറിന്റെ നേതൃത്വത്തില്‍ ആശ്രമത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കേസിലെ പ്രതികളെല്ലാം മാര്‍ച്ചില്‍ പങ്കെടുത്തു. ആ മാര്‍ച്ചിന് ശേഷം സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്ന് ഗിരികുമാര്‍ കൂട്ടുപ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. അതായിരുന്നു ഗൂഡാലോചനയുടെ തുടക്കമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശേഷം ഒന്നാം പ്രതിയായ പ്രകാശനും മൂന്നാം പ്രതിയായ ശബരി എസ്.നായരും ചേര്‍ന്ന് ആശ്രമത്തിന് തീയിട്ടു. പിന്നാലെ ആശ്രമത്തില്‍ നിന്ന് കണ്ടെടുത്ത പി.കെ.ഷിബുവിന് ആദരാഞ്ജലികള്‍ എന്ന് എഴുതിയ റീത്ത് തയാറാക്കിയതും തീയിടാനായി പ്രതികളെത്തിയ ബൈക്ക് പൊളിച്ച് വിറ്റതും കൃഷ്ണകുമാറാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവെപ്പില്‍ നേരിട്ട് പങ്കെടുത്ത ശബരി എസ്. നായര്‍ നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയാണ്. 

Swami Sandeepananda Giri Ashram Fire Case