മമ്മൂട്ടി ഭ്രമിപ്പിച്ചു; ഓസ്കറില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല: സന്ദീപാനന്ദഗിരി

തിയറ്ററില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ചിത്രത്തിന് ആശംസകളറിയിച്ച് മലയാള സിനിമാമേഖലയ്ക്ക് പുറത്ത് നിന്നും നിരവധി പ്രമുഖരാണ് എത്തുന്നത്. ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേട്ടത്തോടെ കുതിക്കുന്ന ഭ്രമയുത്തെ അഭിനന്ദിച്ച് കൊണ്ട് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി കുറിച്ചു. ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിലെ നാലു യുഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി തന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുളള പ്രതികരണം പങ്കുവച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:-

'ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം,കൗമാരം,യൗവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്' .

'#ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്, ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…..ആൽഫ,ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക,എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ  ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്'!

'മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ! ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ,സിദ്ധാർഥ്,അമൽഡ ലിസ്,ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 

ഭ്രമയുഗത്തിലെ അഭിനയത്തിന് ഓസ്കറില്‍ കുറഞ്ഞതൊന്നും മമ്മൂട്ടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ സന്ദീപാനന്ദഗിരിയെ പിന്തുണച്ച് നിരവധിയാളുകള്‍ കമന്‍റുകളുമായെത്തി. ഭ്രമയുഗത്തിനും മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയത്തിനും നിറഞ്ഞ കയ്യടിയെന്നാണ് ആരാധകരുടെ കമന്‍റുകള്‍. അതേസമയം ചിത്രത്തെ വാനോളം പുകഴ്ത്തി മലയാളത്തിലെ പ്രമുഖ നടന്മാരും രംഗത്തെത്തിയിരുന്നു. 'ഉറപ്പായും കാണേണ്ട അഭിനയ ഭ്രമം' എന്നാണ് ചിത്രത്തെക്കുറിച്ച് ജയസൂര്യ കുറിച്ചത്. ദി ഗ്രേറ്റസ്റ്റ് എന്നായിരുന്നു അനൂപ് മേനോന്‍റെ പ്രതികരണം. ഇന്തിയാവിൻ മാപെരും നടികർ എന്നാണ് നടന്‍ ഭഗത് മാനുവല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ചിത്രം തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 

Swami Sandeepananda Giri's facebook post about Bramayugam