യുവതിയെ നരബലി നടത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; അന്വേഷണം വഴിമുട്ടി

തിരുവല്ല കുറ്റപ്പുഴയിലെ നരബലി ആരോപണത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും യുവതി ഭയം കാരണം ഫോണെടുക്കാത്തതാണ് പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നത്. സംഭവം പുറത്തു പറഞ്ഞാൽ ലഹരിമരുന്നു കേസിൽ അകത്താക്കുമെന്ന് ഇടനിലക്കാരി ഭീഷണിപ്പെടുത്തിയതായി യുവതി മനോരമ ന്യൂസിനോടു പറഞ്ഞു.  

കൊച്ചിയിൽ താമസിക്കുന്ന കർണാടക സ്വദേശിനിയെ പൂജയ്ക്കെന്ന വ്യാജേന തിരുവല്ല കുറ്റപ്പുഴയിൽ എത്തിച്ചത് ചങ്ങനാശേരി സ്വദേശിനി അമ്പിളിയാണ്. അർധരാത്രിയോടെ അമ്പിളിയും മന്ത്രവാദിയെന്ന് സംശയിക്കുന്നയാളും ചേർന്ന് യുവതിയുടെ കഴുത്തിൽ പൂമാല ചാർത്തി വാളെടുത്ത് കൊല്ലുമെന്ന് പറഞ്ഞതായാണ് ആരോപണം. ഇതിനിടെ വീടിന്റെ പുറത്ത് എത്തിയ മറ്റൊരാളുടെ സഹായത്താലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് യുവതി പറഞ്ഞു. തിരുവല്ല കുറ്റപ്പുഴയിലെ വീട്ടിൽ മുൻപും എത്തിയിട്ടുള്ളതായും സംഭവം പുറത്തു പറഞ്ഞാൽ ലഹരിമരുന്ന് കേസിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി യോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഭയം കാരണം യുവതി ഫോൺ എടുക്കാത്തതു മൂലം പൊലീസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്‌. സാമ്പത്തിക തർക്കമാണ് യുവതിയുടെ ആരോപണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. 

Accused of trying to kill the young woman by performing human sacrifice