നരബലി ശ്രമമെന്ന് ആരോപണം; സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ് നിഗമനം

തിരുവല്ലയിൽ നരബലിക്ക് ശ്രമം നടന്നെന്ന ആരോപണം തള്ളി വീട് വാടകയ്ക്കെടുത്ത അമ്പിളി. ചിത്രം ഉൾപ്പെടെ നൽകി തന്നെപ്പറ്റി അപവാദം പ്രചരിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകിയതായും അവർ പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊച്ചിയിൽ താമസിക്കുന്ന കർണാടക സ്വദേശിനിയായിരുന്നു തിരുവല്ല കുറ്റപ്പുഴയിലെ വാടക വീട്ടിൽ നരബലിക്ക് ശ്രമം നടന്നതായുള്ള ആരോപണവുമായി എത്തിയത്. ചങ്ങനാശേരി സ്വദേശിനി അമ്പിളിയും മന്ത്രവാദിയെന്ന് പറഞ്ഞയാളും ചേർന്ന് നരബലിക്ക് ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും തന്നെ ദൃശ്യമാധ്യമങ്ങൾ വഴി അപമാനിച്ചവർക്കെതിരെ പരാതി നൽകിയതായും അമ്പിളി പറഞ്ഞു. സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ അവർ തിരുവല്ല ഡിവൈഎസ്പിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിൽ കഴമ്പില്ലെന്നും സാമ്പത്തിക തർക്കമാണ് യുവതിയുടെ ആരോപണത്തിനു പിന്നിലെന്നുമാണ് പൊലീസിൻ്റെ നിഗമനം.  

Ambili rejected the allegation that there was an attempt at human sacrifice