മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിച്ച കേസ്; പ്രതി കാണാമറയത്ത്; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം മ്യൂസിയംവളപ്പില്‍ യുവതിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഇന്നു ചോദ്യംചെയ്യും. അന്വേഷണസംഘം വിപുലീകരിച്ചു. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നാണ് സൂചന.  കുറവൻകോണത്തെ ഒരു  വീട്ടിൽ ഇന്നലെ രാത്രി വീണ്ടും അജ്ഞാതനെത്തിയതായി അഭ്യൂഹം പരന്നെങ്കിലും കണ്ടെത്താനായില്ല. 

മ്യൂസിയത്ത് വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച പ്രതി ആറാം ദിനവും കാണാമറയത്താണ്. നിരീക്ഷണത്തിലുള്ള നാലു പേരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രേഖാ ചിത്രം പുറത്തുവിട്ടതിനു ശേഷം സമീപത്തെ പല സ്ഥലങ്ങളിലും കണ്ടതായി പറയുന്ന  അജ്ഞാതനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മ്യൂസിയത്തിലെ അക്രമിയുടേയും  അജ്ഞാതൻ്റെയും  ശരീരപ്രകൃതം രണ്ടാണെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. അതേ സമയം ഇന്നലെ രാത്രി കുറവൻകോണത്തെ വീട്ടിൽ അക്രമി എത്തിയതായി അഭ്യൂഹം പരന്നു. പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ അജ്ഞാതതെത്തിയെന്നാണ് സംശയമുയർന്നത്. പെൺ കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ തിരച്ചിലിനിറങ്ങി. പൊലീസ് സംഘവും സ്ഥലത്തെത്തി. 

സംശയിക്കുന്ന രീതിയിൽ ആരേയും കണ്ടെത്താനായില്ല. സി സി ടി വി ദൃശ്യങ്ങൾ നോക്കിയപ്പോൾ കണ്ടയാൾ സമീപവാസിയാണെന്നും വ്യക്തമായി. ഇതിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ രണ്ടു തവണ എത്തിയ അജ്ഞാതനെ ക്കുറിച്ച്  ഇതുവരെ സൂചനകളില്ല . കന്റോൺമെന്റ് എ സി പി യുടെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.