യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റു മരിച്ചു; പന്നിക്കെണിയില്‍ നിന്നെന്നു നിഗമനം

പാലക്കാട് എലപ്പുള്ളിയിൽ പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് യുവാവ് മരിച്ചു. കുന്നുകാട് മേച്ചിൽപ്പാടം സ്വദേശി വിനീതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ രാവിലെയാണ് വിനീതിന്റെ മൃതദേഹം കണ്ടെത്തിയത്. കൃഷിയിടത്തിന്റെ ഉടമയെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം മുണ്ടൂരിൽ കാട്ടാന ചരിഞ്ഞ് ഇരുപത്തി നാല് മണിക്കൂർ പിന്നിടും മുൻപാണ് എലപ്പുള്ളിയിലെ കൃഷിയിടത്തിൽ ഇരുപത്തി എട്ടുകാരന്റെയും മൃതദേഹം കണ്ടെത്തിയത്. രണ്ടും പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റുള്ള ജീവഹാനിയെന്നാണ് നിഗമനം.

വിനീതിന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ അപകടമുണ്ടായെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ വയലിന്റെ അതിർത്തിയിൽ വിവിധയിടങ്ങളിലായി പന്നിക്കെണിയൊരുക്കിയിരുന്നതിന്റെ അടയാളമുണ്ട്. പ്രദേശത്ത് പന്നിശല്യം രൂക്ഷമാണെന്നും എങ്ങനെയാണ് വിനീതിന് അപകടമുണ്ടായതെന്ന് പരിശോധിക്കണമെന്നും ഗ്രാമപഞ്ചായത്തംഗം. 

വിനീതിന്റെ വീട് വയലിനോട് ചേര്‍ന്ന് തന്നെയാണുള്ളത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പന്നിക്കെണിയിലേക്ക് പമ്പ് ഹൗസില്‍ നിന്നാണ് വൈദ്യുതി എത്തിച്ചിരുന്നതെന്ന് തെളിഞ്ഞു. സമീപത്ത് വൈദ്യുതി ലൈനും കടന്നുപോകുന്നുണ്ട്. ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ കമ്പ് സ്ഥാപിച്ച് കെട്ട് കമ്പി ബന്ധിച്ച് പന്നിക്കെണിയൊരുക്കിയ നിലയിലാണ്. 

കൃഷിയിടത്തിന്റെ ഉടമസ്ഥനാണ് കസബ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വിശദമായ അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.