കാട്ടുപന്നിക്കായി വൈദ്യുതിക്കെണി; കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം വിതുരയ്ക്കടുത്ത് മേമലയിൽ അജ്ഞാതന്റെ  മൃതദേഹം കണ്ടെത്തി. കാട്ടുപന്നിയെ തടയാൻ വെച്ച വൈദുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ വസ്‌ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലാണ്. ലക്ഷ്മി എസ്റ്റേറ്റിന് സമീപം  നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് ഇന്ന് രാവിലെ 60 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ട നാട്ടുകാർ വിതുര പൊലീസിലറിയിച്ചു.കാട്ടുപന്നിയെ തടയുന്നതിനായി കെട്ടിയ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലായിരുന്നു.സംഭവമറിഞ്ഞ് വിവിധസ്ഥലങ്ങളിൽ നിന്ന് ആളുകളെത്തിയെങ്കിലും ഇതുവരെയും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പതിനഞ്ചു മീറ്റർ മാറിയുള്ള വീട്ടിലെ വൈദ്യുതി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലാണ്. വൈദ്യുതഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്. ചരിഞ്ഞു കിടന്ന മൃതദേഹത്തിൽ കമ്പി ചുറ്റിയ ഭാഗങ്ങളിലെല്ലാം പൊള്ളലേറ്റു കരിഞ്ഞ പാടുകളുമുണ്ട്. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ തലയിൽ ചുറ്റിയ നിലയിലായിരുന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടോ എന്നും സംശയിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.