വൈവിധ്യമാണ് ശക്തിയെന്ന് പ്രധാനമന്ത്രി; പ്രസംഗത്തില്‍ ശ്രീനാരായണഗുരുവും

വൈവിധ്യത്തില്‍ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. റാണി ലക്ഷ്മീബായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു. ആദിവാസി സമൂഹത്തിന്റെ സംഭാവനകളും അഭിമാനത്തോടെ ഓര്‍ക്കണം. താന്‍ ശ്രമിച്ചതും ജനങ്ങളെ ശാക്തീകരിക്കാനാണെന്ന് മോദി പറഞ്ഞു. എല്ലാ കാര്യങ്ങളിലും  'ആദ്യപരിഗണന രാജ്യത്തിന്' എന്ന മനോഭാവം ഉണ്ടായാല്‍ ഐക്യം ശക്തിപ്പെടും. ഐക്യവും അഖണ്ഡതയും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമൂഹികചേതന പുത്തനുണര്‍വിലാണ്. സ്വാതന്ത്ര്യസമരം വിജയിപ്പിച്ചത് അതേ ചേതനയാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ദേശീയപതാക കാംപയ്നിന്റേയും കോവിഡ് പോരാട്ടത്തിന്റേയും വിജയങ്ങള്‍ പുതിയ ഉണര്‍വിന് തെളിവാണ്. ലോകം ഇന്ത്യയെ കാണുന്ന രീതി മാറി. രാജ്യാന്തരതലത്തില്‍ ഇന്ത്യയോടുള്ള ആദരം വര്‍ധിച്ചു. പ്രതിസന്ധികളുണ്ടാകുമ്പോള്‍ പരിഹാരത്തിന് ഇന്ത്യയെ ഉറ്റുനോക്കുന്ന സ്ഥിതി ആയെന്നും പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പറഞ്ഞു.