കായംകുളത്ത് ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്.ഐക്ക് പരുക്ക്

കുഴിപ്പാതയായി മാറിയ ദേശീയ പാത ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിൽ അപകടങ്ങൾ ഒഴിയുന്നില്ല. കായംകുളത്ത് കെ പി എ സിയ്ക്ക് സമീപം ദേശീയപാതയിലെ കുഴിയിൽ വീണ്  എസ്ഐക്ക് പരുക്കേറ്റു. ദേശീയ പാതയിൽ അരൂർ - ചേർത്തല റീച്ചിൽ ഒരു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് പലയിടങ്ങളിലും വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കായംകുളം കെ പി എസിക്ക് സമീപമുള്ള വലിയ കുഴിയിൽ വീണാണ് കായംകുളം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിന് പരുക്കേറ്റത്.

ഇന്നലെ രാത്രി 11 ന് കായംകുളം സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക്  മടങ്ങുന്നതിനിടയിൽ ദേശീയ പാതയിലെ കുഴിയിൽ  വീഴുകയായിരുന്നു.  കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ഉദയകുമാർ വീട്ടിലേക്ക് മടങ്ങി. ആലപ്പുഴ ജില്ലയിൽ ദേശീയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് - കൊറ്റുകുളങ്ങര ഭാഗത്ത് അറ്റകുറ്റപ്പണി ഭാഗികമായി പൂർത്തിയായി. എന്നാൽ കൊറ്റുകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് അറ്റകുറ്റ പണി തുടങ്ങിയിട്ടില്ല. 

ചിറക്കടവം, കെ പി എസി, കായംകുളം ടൗൺ. കൊറ്റുകുളങ്ങര ഭാഗങ്ങളിലാണ് വലുതും ചെറുതുമായ കുഴികൾ. അരൂർ - ചേർത്തല റീച്ചിൽ കുഴികൾ ഒരു മാസം മുൻപ്അടച്ചെങ്കിലും മഴക്കാലത്ത് വീണ്ടും റോഡിൽ കുഴികൾ ഉണ്ടായി. ഏഴുതവണ അടച്ചെങ്കിലും അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. പുന്ന പ്ര മിൽമയ്ക്ക് മുന്നിൽ കുഴികളുണ്ടായിട്ട് ആഴ്ചകളായെങ്കിലും ശ്രദ്ധിക്കുന്നില്ല. ഇരുചക്രവാഹനങ്ങളാണ് മേൽപാലത്തിലും പുന്നപ്രയിലും അപകടത്തിൽ പെടുന്നത്. ആലപ്പുഴ ബൈപാസിലെ കുഴികൾ രണ്ടാഴ്ച മുൻപ് അടച്ചെങ്കിലും ബൈപാസ് തുടങ്ങുന്ന കളർകോട് ഭാഗത്ത് കുഴി  ളുണ്ട്. മഴക്കാലത്ത് ഈ ഭാഗത്ത് അപകടസാധ്യത ഏറും.