മലവെളളപ്പാച്ചിലില്‍ കുഞ്ഞ് മരിച്ചു; 2 പേരെ കാണാതായി; കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടി

കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടില്‍. മലവെളളപ്പാച്ചിലില്‍ രണ്ടരവയസുകാരി മരിച്ചു. രണ്ടുപേരെ കാണാതായി. മലവെളളപ്പാച്ചിലില്‍ വന്‍നാശമുണ്ടായി. കണിച്ചാര്‍ കൊളക്കാട് കുരിശുമല, നെടുമ്പൊയില്‍ ഇരുപത്തിനാലാം മൈല്‍, പൂളക്കുറ്റി തുടിയാട്, ചെക്കേരി വനമേഖലയിലുമാണ് ഉരുള്‍പൊട്ടിയത്.  

കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് നദീറയുടെ മകള്‍ തസ്ലീനയാണ് മരിച്ചത്. വെളളറ മണാലി ചന്ദ്രന്‍, താഴെ വെളളറയിലെ രാജേഷ് എന്നിവരെയാണ് കാണാതായത്. തിരച്ചിലിനായി കണ്ണൂര്‍ കലക്ടര്‍ സൈന്യത്തിന്റെ സഹായം തേടി. കനത്തമഴയും വൈദ്യുതി മുടങ്ങിയതും മൂലം രാത്രി തിരച്ചില്‍ നടത്തനായില്ല. അന്‍പതോളം കടകളിലും വെളളം കയറി.

ഈ പ്രദേശത്തെ  നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ചെക്കേരി വനമേഖലയിൽ ഉരുൾപൊട്ടിയിട്ടുള്ളതായാണ് വിവരം. കണ്ണൂർ പേരാവൂർ മേലെ വെള്ളറ എസ്ടി കോളനിയിൽ  വീട് തകർന്ന് ഒരാളെ കാണാതായിട്ടുണ്ട്. പേരാവൂർ നെടുംബ്രoചാൽ ഹെൽത്ത്‌ സെന്ററിനു സമീപം  ഉരുൾപൊട്ടി ഒഴുക്കിൽ പെട്ട രണ്ട് സ്ത്രീകളെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി. നെടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.