ചെറുകിട കച്ചവടക്കാരും ഉല്‍പാദകരും അരിയും പയര്‍വര്‍ഗങ്ങളും പാക്കറ്റിലാക്കി വില്‍ക്കുന്നതിന് ചുമത്തിയ അഞ്ച് ശതമാനം ജി.എസ്.ടി കേരളം ഈടാക്കില്ലെന്ന് പ്രഖ്യാപിച്ച് വെട്ടിലായി സര്‍ക്കാര്‍. പ്രഖ്യാപനം നടപ്പിലാക്കണമെങ്കില്‍ നിലവിലിറക്കിയ വിജ്ഞാപനം റദ്ദാക്കേണ്ടി വരും. അപ്പോഴും കേന്ദ്ര ജി.എസ്.ടി വിഹിതം പിരിക്കാതിരിക്കാനാവില്ല. ഇതിന്‍റെ നിയമവശം ധനവകുപ്പ് പരിശോധിക്കും. 18 മുതല്‍ ജി.എസ്.ടി പിരിച്ചതിന് ആരുസമാധാനം പറയുമെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
നിത്യോപയോഗസാധനങ്ങള്‍ക്ക് ചുമത്തിയ അഞ്ചുശതമാനം ജി.എസ്.ടി ഈടാക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പ്രഖ്യാപിച്ചെങ്കിലും സാധനങ്ങളുടെ വില കൂടിയത് വിശദീകരിക്കാനാവുന്നില്ല. അഞ്ചു ശതമാനത്തില്‍ കേന്ദ്രത്തിനുള്ള വിഹിതമായ രണ്ടര ശതമാനം പിരിക്കാതിരിക്കുന്നത് സാധ്യമല്ലെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്‍റെ രണ്ടരശതമാനം വിഹിതം വേണ്ട എന്നു വയ്ക്കുന്നതാണ് പരിഗണിക്കാവുന്നത്. രണ്ടര ശതമാനം എസ്.ജി.എസ്.ടി പിരിക്കുന്നതിന് സംസ്ഥാനം ഇറക്കിയ വിജ്ഞാപനം റദ്ദുചെയ്യേണ്ടിവരും. ഒന്നരകോടിയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികളും അരിയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയത് നിയന്ത്രിക്കുന്നതാണ് സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കുന്നത്. ഇതേസമയം വര്‍ധിപ്പിച്ച വില കുറയ്ക്കാനാവില്ലെന്ന് മില്‍മ വ്യക്തമാക്കി.
സംസ്ഥാനത്ത് നിരക്ക് കൂട്ടില്ലെന്ന് പ്രഖ്യാപിച്ചിട്ടും സാധനങ്ങളുടെ വില കൂടിയത് രാഷ്ട്രീയമായും സര്‍ക്കാരിന് തിരിച്ചടിയായി. ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതി വിധി ഇതുവരെ പ്രയോജനപ്പെടുത്താത്തതെന്താണ് എന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കൂടി അംഗീകരിച്ചാണ് ജി.എസ്.ടി കൗണ്‍സില്‍ നികുതിയില്‍ തീരുമാനമെടുത്തതെന്നാണ് കേന്ദ്രനിലപാട്. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി.എസ്.ടി ചുമത്തുന്നതിനെ എതിര്‍ത്തു എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി.