മണിയുടെ മുഖം ആള്‍ക്കുരങ്ങിനോട് ചേര്‍ത്ത് വച്ചു; അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്

മുന്‍മന്ത്രി എം.എം.മണിയ്ക്കെതിരെ കടുത്ത അധിക്ഷേപവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മഹിളാ കോണ്‍ഗ്രസും. മണിയുടെ മുഖചിത്രം ആള്‍ക്കുരങ്ങിന്റെ പടത്തോട് ചേര്‍ത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയപ്പോള്‍ മണിയുടെ മുഖം ചിമ്പാന്‍സിയുടേതു പോലെന്നായിരുന്നു സുധാകരന്റെ ആക്ഷേപം. പ്രതിപക്ഷ നേതാവ് ഇടപെട്ടതോടെ മഹിളാകോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. പക്ഷെ സുധാകരന്‍ തിരുത്തിയിട്ടില്ല.

ആദ്യം അധിക്ഷേപ ചിത്രവുമായി  മഹിളാകോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രകടനം. അത് തെറ്റല്ലേയെന്ന് ചോദിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ വക വാക്കുകൊണ്ട് അതിലും വലിയ അധിക്ഷേപം.

കെ.കെ.രമയെ അധിക്ഷേപിച്ചിട്ടും തെറ്റ് സമ്മതിക്കാന്‍ പോലും തയാറാകാത്തതിനെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കെ.സുധാകരനും മഹിളാകോണ്‍ഗ്രസും  അതേ തെറ്റ് ആവര്‍ത്തിക്കുന്നത്.  മണിയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള നിയമസഭാ മാര്‍ച്ചിലാണ് മഹിളാകോണ്‍ഗ്രസ് ആള്‍ക്കുരങ്ങിനോട് ഉപമിച്ച ചിത്രം കൊണ്ടുവന്നത്. ഒപ്പം മികച്ച പ്രവൃത്തിയെന്ന ന്യായീകരണവും.

ചിത്രം വിവാദമായതോടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷനേതാവ് പിന്‍മാറി. ഇതോടെ ചിത്രം ഒളിപ്പിച്ച് തടിതപ്പാനായി മഹിളാനേതാക്കളുടെ ശ്രമം. എന്നാല്‍ തെറ്റ് തിരുത്തണമെന്ന് വി.ഡി.സതീശന്‍ കര്‍ശന നിലപാടെടുത്തതോടെ  വാര്‍ത്താകുറിപ്പിലൂടെ ഖേദപ്രകടനം. ചിത്രം മുന്‍കൂട്ടി തയാറാക്കിയതല്ലെന്നും പ്രവര്‍ത്തകരില്‍ ഒരാള്‍ കൊണ്ടുവന്നതാണെന്നും ആദ്യ നിലപാട് തിരുത്തി വിചിത്രവാദവും. അങ്ങിനെ പ്രതിപക്ഷ നേതാവ് ഇടപെട്ട് വ്യക്തിപരമായ കടുത്ത അധിക്ഷേപത്തിന്റെ ആഘാതം കുറച്ച് കൊണ്ടുവന്നപ്പോളാണ് കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തി അധിക്ഷേപം ആവര്‍ത്തിച്ചത്.