മലയാള സിനിമ കാണാന്‍ ആളില്ല: കാശുവാരി ഇതരഭാഷ ചിത്രങ്ങൾ: പ്രതിസന്ധി

സംസ്ഥാനത്ത് ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ കാശ് വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളില്ല. ചെറിയ ബജറ്റിലുള്ള സിനിമകളടക്കം മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ നിലംപൊത്തുമ്പോള്‍ നിര്‍മാതാക്കളും തിയറ്ററുടമകളും പ്രതിസന്ധിയിലാണ്.

   

പണ്ട് കപ്പലണ്ടി കച്ചവടക്കാരനായിരുന്നു രാജു. 78ല്‍ കൊച്ചിയിലെ പഴയ ലക്ഷ്മണ തിയറ്ററില്‍ കപ്പലണ്ടി വിറ്റപ്പോള്‍ രാജുവിന്റെ മനസ്സുനിറച്ച് സിനിമയായിരുന്നു. പിന്നീട് കൊച്ചിയിലെ സൗത്ത് പാലത്തിനടിയിലെ ആക്രിക്കച്ചവടത്തിലൂടെ കാശുണ്ടാക്കിയ രാജു സിനിമ മോഹം കളഞ്ഞില്ല. സിനിമാക്കഥയെ വെല്ലുന്ന ജീവിതവഴിത്തിരിവുകളില്‍ രാജു സിനിമ നിര്‍മാതാവായി. ആദ്യമായി നിര്‍മിച്ച സാന്റാക്രൂസ് എന്ന സിനിമ സംസ്ഥാനത്തെ ഒട്ടുമിക്ക തിയറ്ററിലുമുണ്ടെങ്കിലും കാണാന്‍ ആളില്ല. സിനിമയല്ല ജീവിതമെന്ന തിരിച്ചറിഞ്ഞ രാജു പറയുന്നത് കേള്‍ക്കാം.

രാജു പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുടമകളും .ഒ.ടിടിയുടെ വരവ് സിനിമാസ്വാദനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കൊപ്പം ഭാഷാതീതമായി താരസാന്നിധ്യവും ബജറ്റുംകൊണ്ടു വലുപ്പമേറിയ ചിത്രങ്ങള്‍ക്കായി മാത്രം തിയറ്ററിലേക്ക് എത്തുക എന്ന രീതിയിലേക്ക് പ്രേക്ഷകരും മാറി കഴിഞ്ഞുവെന്ന് തിയറ്ററുടമകളുടെ സംഘടനയും തിരിച്ചറിയുന്നു.

കോവിഡ് കാലം തീര്‍ത്ത വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വലിയ സിനിമകള്‍ ഒരു പരിധിവരെ തിയറ്ററിലേക്ക് ആളെയെത്തിക്കുമ്പോഴും ബഹുഭൂരിപക്ഷം മലയാള സിനിമകളും തിയറ്ററില്‍ തകര്‍ന്നടിയുന്നതാണ് സാഹചര്യം.