സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ പി.സി. ജോര്‍ജ് അറസ്റ്റില്‍

പീഡനക്കേസിൽ പി.സി.ജോർജ് അറസ്റ്റിൽ. കെ.ടി.ജലീൽ നൽകിയ ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യലിനെത്തിയ പി.സി.ജോർജിനെ സോളർ കേസ് പ്രതി നൽകിയ  പീഡന പരാതിയിലാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശ്രമത്തിലെ  354 എ, 354 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് . എഫ്. ഐ ആറിന്റെ പകർപ് മനോരമ ന്യൂസിന് ലഭിച്ചു. തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതു കൊണ്ടെന്നും മുഖ്യമന്ത്രി കേസിൽ നിന്നും രക്ഷപ്പെടില്ലെന്നായിരുന്നു പി.സി.ജോർജിന്റെ പ്രതികരണം 

2022 ഫെബ്രുവരി പത്താം തീയതി തിരുവനന്തപുരം ഗസ്റ്റ് ഹൗസിലെ 404 ാം മുറിയിൽ വിളിച്ചു വരുത്തി സോളർ തട്ടിപ്പു കേസ് പ്രതിയ്ക്കെതിരെ ലൈംഗിക സ്വഭാവമുള്ള സ്പർശനവും, ആത്മാഭിമാനത്തെ ഹനിക്കുന്ന വിധത്തിലുള്ള ബലപ്രയോഗവുമുണ്ടായി എന്നതാണ് എഫ്.ഐ.ആർ . സ്വപനയുമായി ബന്ധപ്പെട്ട കേസ് സംസാരിക്കാനായി രാത്രി 9 .30 യ്ക്കും പത്തിനുമിടയിൽ എത്താനായിരുന്നു പരാതിക്കാരിക്ക് ജോർജിന്റെ നിർദേശം. മകനുമായി എത്തിയെങ്കിലും മകനെ മുറിക്കു പുറത്തു നിർത്തിയ ശേഷം കതക് കുറ്റിയിട്ട ശേഷമായിരുന്നു പീഡനശ്രമമെന്നും എഫ്.ഐ.ആറിൽ പറയുന്നു. അഞ്ചു വർഷം വരെ തടവുകിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് .12.30 ന് മ്യൂസിയം പൊലീസ് ഗസ്റ്റ്ഹൗസിലെത്തി കേസിന്റെ കാര്യം പി.സി.ജോർജിനെ അറിയിച്ചു. 2 മണിയോടെ പി.സി.ജോർജിന്റെ അഭിഭാഷകൻ ഗസ്റ്റ് ഹൗസിലെത്തി. കള്ളക്കേസാണെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

2.50 ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ചോദ്യം ചെയ്യുന്ന മുറിയിൽ നിന്നും ഗസ്റ്റ്ഹൗസിന്റെ താഴത്തെ നിലയിലേക്ക് കൊണ്ടുവന്നു. സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ സി.ബി.ഐക്ക് മൊഴി നൽകാത്തതിന്റെ വിരോധമാണ് തന്റെ അറസ്റ്റെന്ന് പി.സി. ജോർജ് പ്രതികരിച്ചു. 

സ്വപ്നാ സുരേഷുമായി ചേർന്ന് പി.സി.ജോർജ് തനിക്കും മുഖ്യമന്ത്രിക്കുമെതിരെ ഗൂഡാലോചന നടത്തുന്നെ കെ.ടി.ജലീലിന്റെ പരാതിയിൽ ചോദ്യം ചെയ്യലിനായി രാവിലെ പത്തു മണിക്കാണ് പി.സി.ജോർജ് ഗസ്റ്റ് ഹൗസിലെത്തിയത്. ക്രൈംബ്രാഞ്ചാണ് ചോദ്യം ചെയ്തത്.