തൈക്കാട് ഗെസ്റ്റ് ഹൗസ് കേന്ദ്ര കഥാപാത്രം; മിന്നൽവേഗത്തിൽ പൊലീസ്; നാടകീയം

തിരുവനന്തപുരം: തൈക്കാട് ഗെസ്റ്റ് ഹൗസിൽ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകുമ്പോൾ, അതേ ഗെസ്റ്റ് ഹൗസ് പശ്ചാത്തലമായി തന്നെ കുടുക്കാൻ പാകത്തിനു മറ്റൊരു കേസ് രൂപം കൊള്ളുന്നുണ്ടെന്ന് പി.സി.ജോർജ് അറിഞ്ഞിരുന്നില്ല. ജോർജ് മാത്രമല്ല, കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുന്നതുവരെ മാധ്യമപ്രവർത്തകരുൾപ്പെടെ ആരും അറിഞ്ഞില്ല.

സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മുഖ്യ സാക്ഷിയുടെ രഹസ്യമൊഴി സംബന്ധിച്ച ഊഹാപോഹങ്ങൾ രാവിലെ മുതൽ തന്നെ അന്തരീക്ഷത്തിലുണ്ടായിരുന്നു. സോളർ കേസിലെ പ്രതിയാണു ഗൂഢാലോചന കേസിലെ മുഖ്യ സാക്ഷി. രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ചോദ്യം ചെയ്യലിനു ഗെസ്റ്റ് ഹൗസിലെത്തിയ പി.സി.ജോർജിനോട് മാധ്യമപ്രവർത്തകർ സാക്ഷിമൊഴി സംബന്ധിച്ചു ചോദിച്ചു. വളരെ ആത്മവിശ്വാസത്തോടെ പ്രതികരിച്ച ജോർജ്, മൊഴിയിൽ കാര്യമില്ലെന്നു പറഞ്ഞ് അന്വേഷണ സംഘത്തിനു മുന്നിലേക്കു പോയി. 11 നു ചോദ്യം ചെയ്യൽ ആരംഭിച്ചു. 

12.40നാണ് മ്യൂസിയം പൊലീസ് സോളർ കേസ് പ്രതിയുടെ പീഡന പരാതി സ്വീകരിച്ചത്. പരാതികളിൽ സാധാരണ മെല്ലെപ്പോക്ക് എന്ന ആരോപണം നേരിടാറുള്ള പൊലീസ് നേരെമറിച്ച് മാതൃകയാകുന്നതാണു പിന്നീട് കണ്ടത്. അതിവേഗം ഗെസ്റ്റ് ഹൗസിലെത്തി. പീഡനം നടന്നതായി പരാതിയിൽ പറയുന്ന 404 –ാം നമ്പർ മുറി പരിശോധിച്ച് മഹസർ തയാറാക്കി. പീഡനം നടന്നതായി പറയുന്ന ഫെബ്രുവരി 10 ലെ വിവരങ്ങൾ രേഖപ്പെടുത്തിയ ഒക്യുപെൻസി റജിസ്റ്റർ കസ്റ്റഡിയിലെടുത്തു. സാക്ഷികളുടെ മൊഴിയെടുത്തു. പ്രതിയുടെയും പരാതിക്കാരിയുടെയും ലഭ്യമായ മൊബൈൽ നമ്പറുകളുടെ കോൾ വിവരങ്ങൾ ശേഖരിക്കാൻ സർവീസ് പ്രൊവൈഡർമാർക്ക് അപേക്ഷയും നൽകി. ഇത്രയും കാര്യങ്ങൾ ശരവേഗത്തിൽ പൂർത്തിയാക്കിയശേഷമാണു ജോർജിനെ കസ്റ്റഡിയിലെടുത്തത്

∙ ‘അവരെ (പരാതിക്കാരിയുടെ പേര് പറഞ്ഞ്) യഥാർഥത്തിൽ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡിൽക്കൂടി നടക്കുന്നുണ്ട്. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരൻ പി.സി.ജോർജ് ആണെന്ന് അവർ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഞാൻ കോടതിയിൽ പോകും. നിരപരാധിയാണെന്നു തെളിയുമെന്നു ഞാൻ നൂറു ശതമാനം പറയുന്നു. ഇതുകൊണ്ടൊന്നും പിണറായി വിജയൻ രക്ഷപ്പെടില്ല. ഞാൻ ഏതായാലും ഒരു സ്ത്രീയെയും പീഡിപ്പിക്കുകയില്ല. എന്റെയടുത്തു വരുന്ന പത്രപ്രവർത്തകരായ പെൺകുട്ടികളെയും മോളേ, ചക്കരേ, സ്വർണമേ എന്നല്ല‍‍ാതെ ഞാൻ വിളിക്കാറില്ല.’ – പി.സി ജോർജ്

∙ ‘കേസിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഷ്ട്രീയ വൈരാഗ്യമാണിത്. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. ഈ ചെയ്തതിന് പിണറായി അനുഭവിക്കും.ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്. സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു.’ – ഉഷ ജോർജ് (പി.സി. ജോർജിന്റെ ഭാര്യ)