മഹാരാഷ്ട്രയിൽ അയയാതെ പ്രതിസന്ധി; ഉദ്ധവിന്റെ അധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭാ യോഗം

മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സർക്കാരിലെ പ്രതിസന്ധി തുടരുന്നു. 1 മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും. ഉപമുഖ്യമന്ത്രി പദം നൽകി മന്ത്രി ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടിട്ടില്ല. തുടർ നീക്കങ്ങൾ സംബന്ധിച്ച് അഗാഡി സഖ്യ നേതാക്കൾക്കിടയിൽ ആശയ വിനിമയം തുടരുകയാണ്. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ സൂറത്തില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് തിരിച്ചു. വിമത ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോട്ടിലേക്ക് മാറ്റി. ഒമ്പത് മണിക്ക് എൻസിപി - എം എൽ എമാരുടെ യോഗം ശരദ്പവാർ വിളിച്ചിട്ടുണ്ട്. ഷിൻഡെ അടക്കമുള്ള വിമത എം എൽ എ മാരുമായി എം എൽ എ സഞ്ജയ് കുട്ടെ വഴിയാണ് ബി ജെ പി ചർച്ച നടത്തുന്നത്. ഏക്‌നാഥ് ഷിൻഡെയും കൂട്ടാളികളായ അജയ് ആഷർ,  ഭൂപാൽ രാംനാഥ്‌കർ എന്നിവരും ഇഡി നിരീക്ഷണത്തിലായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന മന്ത്രി അനിൽ പരബിനെ ഇഡി ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.