പ്രതിപക്ഷ പ്രതിഷേധം ശക്തം; മറുതന്ത്രം തേടി ഇടതുമുന്നണിയോഗം

സംസ്ഥാനം കലാപഭൂമിയായിരിക്കെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് മറുതന്ത്രം തേടി ഇന്ന് ഇടതുമുന്നണിയോഗം ചേരും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധം സിപിഎം ആയുധമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് സിപിഎം ആരോപിക്കുമ്പോള്‍ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. സ്വപ്നയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം സിപിഎം–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന സ്ഥിതിയിലെത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ഇടതുമുന്നണി യോഗം.

കെ.പി.സി.സി ആസ്ഥാനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത കരിദിനത്തിലാണ് ഇടതുമുന്നണിയോഗം ചേരുന്നത്. സ്വപ്നസുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപി, കോണ്‍ഗ്രസ് രാഷ്ട്രീയഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനവ്യാപകമായി നടത്തേണ്ട പ്രചാരണത്തിന്‍റെ വിശദാംശങ്ങള്‍ തീരുമാനിക്കാനായിരുന്നു ഇടതുമുന്നണി യോഗം വിളിച്ചത്. എന്നാല്‍ അവിടെ നിന്ന് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞുകഴിഞ്ഞു. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് നടന്ന പ്രതിഷേധം സിപിഎമ്മിന് വീണുകിട്ടിയ ആയുധമായി. അതിസുരക്ഷാമേഖലയില്‍ നടന്ന സംഭവം മുഖ്യമന്ത്രിക്കെതിരായ ആക്രമണമാണെന്നും തിരിച്ചടിക്കുമെന്നും പറഞ്ഞ് സിപിഎം തെരുവിലിറങ്ങിയതോടെ കോണ്‍ഗ്രസ് അന്ധാളിച്ച സ്ഥിതിയിലായി. പക്ഷേ കെപിസിസി ഓഫിസിന് നേരെയുണ്ടായ ആക്രമണം വീണ്ടും കാര്യങ്ങള്‍ മാറ്റിമറിച്ചു.

ഇപ്പോള്‍ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയും ഓഫിസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതിയിലാണ്. ക്രമസമാധാന പ്രശ്നമായി മാറിയ ഈ സാഹചര്യം എങ്ങനെ നേരിടുമെന്ന ചര്‍ച്ച ഇടതുമുന്നണിയോഗത്തിലുണ്ടാകും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം പിന്‍വലിക്കില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്. ഇടതുമുന്നണിയാകെ രംഗത്തിറങ്ങി പ്രതിരോധിക്കുന്നതിനുള്ള തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്ന ആശങ്ക ചില ഇടതുനേതാക്കള്‍ക്കെങ്കിലുമുണ്ട്. പക്ഷേ അത്തരം ചര്‍ച്ചകളിലേക്ക് വൈകിട്ടുചേരുന്ന എല്‍ഡിഎഫ് യോഗം നീങ്ങാനിടയില്ല. അസാധാരണ സാഹചര്യത്തില്‍ ഒരുമിച്ച് നിന്ന് നേരിടണമെന്ന പൊതുനിലപാടിലേക്ക് യോഗം എത്താനാണ് സാധ്യത.