ഷോക്കേറ്റ് ഞെട്ടി സര്‍ക്കാരും പാര്‍ട്ടിയും; കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പ്

തൃക്കാക്കരയിലെ കനത്ത തോൽവിയുടെ ഷോക്കേറ്റ് സർക്കാരും പാർട്ടിയും. വികസനം ഉന്നയിച്ച് നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനൊടുവിൽ കടുത്ത മത്സരമെന്ന കണക്കുകൂട്ടലിലിരുന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം ഞെട്ടലായി. തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും അനുഭാവി വോട്ടുകളടക്കം ചോര്‍ന്ന് തോല്‍വിഭാരം കടുത്തതോടെ പുനരാലോചന നടത്തേണ്ട സ്ഥിതിയിലായി സര്‍ക്കാരും സിപിഎമ്മും.  

തുടര്‍ഭരണത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാരിന് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം. സെഞ്ച്വറിയടിക്കുമെന്ന് വീമ്പിളക്കിയ ക്യാപ്റ്റനടക്കം 99ല്‍ ക്ലീന്‍ബൗള്‍ഡായ സ്ഥിതിയിലായി.  

സില്‍വര്‍ലൈന്‍ അടക്കമുള്ള വികസനത്തിനാണ് തൃക്കാക്കരയില്‍ വോട്ടു തേടിയത്. വികസനതല്‍പരരായ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ആ പ്രചാരണം തള്ളി. മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂരിപക്ഷം എം.എല്‍.എമാരും മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് കാടിളക്കിയായിരുന്നു പ്രചാരണം. തൃക്കാക്കരയിലെ ഓരോ വീട്ടിലും ദിവസം അഞ്ചുമന്ത്രിമാരെങ്കിലും എത്തുന്ന സ്ഥിതി.  ക്യാപ്റ്റനെന്നുവിളിച്ച് മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി അണികള്‍ ആവേശം കൊണ്ടു. തിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ ചിത്രംവച്ചായിരുന്നു ഇടതുമുന്നണി പത്രപരസ്യം നല്‍കിയതുപോലും. ജാതിയും മതവും പ്രാദേശികസ്വാധീനവും നോക്കി മന്ത്രിമാരെയും എം.എല്‍.എമാരെയും വീടുകയറാന്‍ സിപിഎം നിയോഗിച്ചിരുന്നു. സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് പ്രചാരണകാലത്ത് നേതാക്കള്‍ ഉന്നയിച്ച അവകാശവാദങ്ങളും ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നു.  

ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം നേതാക്കള്‍ തന്നെ പറഞ്ഞിരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കും. സിപിഎമ്മിന് രാഷ്ട്രീയമായും തിരഞ്ഞെടുപ്പ് ഫലം തലവേദനയാണ്. അനുഭാവി വോട്ടുകള്‍ പോലും പ്രതീക്ഷിച്ചതുപോലെ വന്നില്ല. ക്യാംപയിന്‍ കനത്തപ്പോള്‍ അണികള്‍ ആവേശത്തില്‍  തന്നെ നിന്നെങ്കിലും വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല. വികസനം ഉന്നയിച്ചിട്ടും നിഷ്പക്ഷവോട്ടുകളെ ആകര്‍ഷിക്കാനായില്ല. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ എന്തുകൊണ്ട് നിഷേധാത്മക നിലപാടെടുത്തു എന്ന് പാര്‍ട്ടിക്ക് ആഴത്തില്‍ ചിന്തിക്കേണ്ടിവരും.  യുഡിഎഫ് മണ്ഡലം, സഹതാപം, സ്ഥാനാര്‍ഥിക്കെതിരായ കുപ്രചാരണം, വോട്ടുമറിക്കല്‍ തുടങ്ങിയ ന്യായീകരണങ്ങള്‍ പൊതുസമൂഹത്തോട് പറയാമെന്നുമാത്രം. കണക്കുകൂട്ടലുകള്‍ പാളിയതിന് സിപിഎം ജില്ലാനേതൃത്വം മറുപടി പറയേണ്ടിവരും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ആദ്യഘട്ട പ്രചാരണത്തിലും നിര്‍ണായക പങ്കുവഹിച്ച ഇ.പി.ജയരാജന്‍, പി.രാജീവ്, എം.സ്വരാജ് എന്നിവര്‍ക്കും ഫലം കനത്ത തിരിച്ചടിയായി.