അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; ആ അഭ്യര്‍ഥന വേണ്ട: ഹൈക്കോടതി

തുടരന്വേഷണം അട്ടിമറിച്ചെന്ന അതിജീവിതയുടെ ആക്ഷേപങ്ങൾ നിഷേധിച്ച് സർക്കാർ. ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് അതിജീവിതയുടെ വാദങ്ങൾ ഡിജിപി തള്ളിയത്. അവര്‍ നിർദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ അതിജീവിതയോട് ആലോചിച്ച് തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. രേഖാമൂലം മറുപടി  നല്‍കാന്‍ കോടതി നിർദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. 

അതേസമയം അതിജീവിത ഹര്‍ജി  പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ഥനയെന്ന് ഡിജിപി കോടതിയെ അറിയിച്ചു. എന്നാൽ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം  അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് പുതിയ ഹര്‍ജി വന്നത്. അതിനാൽ കേസിൽ പ്രതികളെ കൂടി കക്ഷിചേര്‍ക്കണമെന്നും കോടതി നിർദ്ദേശിച്ചു.