കാവ്യയെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു; സംഘത്തില്‍ ബൈജു പൗലോസും

നടിയെ ആക്രമിച്ചകേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. ആലുവയിലെ വീട്ടിലെത്തിയായിരുന്നു നാല് മണിക്കൂറിലേറേ നീണ്ടുനിന്ന ചോദ്യം ചെയ്യൽ. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് വിചാരണാ കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.  ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിലേ പത്മസരോവരം വീട്ടിൽ എത്തിയത്.  ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രനും ഡിവൈഎസ് പി ബൈജു പൗലോസും സംഘത്തിൽ ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച കസിലും വധഗൂഢാലോചനാക്കേസിലും കാവ്യയുടെ മൊഴിയെടുത്തു. വീട്ടിൽ അല്ലാതെ മറ്റൊരിടത്തും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കാവ്യ നിലപാട് എടുത്തത്തതോടെയാണ് വീട്ടിലെത്താൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനു ശേഷം ആലുവ പൊലീസ് ക്ലബ്ബിൽ മടങ്ങിയെത്തിയ ഉദ്യോഗസ്‌ഥർ ക്രൈംബ്രാഞ്ച് എഡിജിപിയുടെ സാനിധ്യത്തിൽ യോഗം ചേർന്നു.

അതേസമയം, നടിയെ ആക്രമിച്ചകേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഹർജിയെ എതിർത്ത് പ്രതിഭാഗം സമർപ്പിച്ച സത്യവാങ്‌മൂലം പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചതോടെയാണ് ഹർജി മാറ്റിയത്