നാളെ ആര് വീഴും ആര് വാഴും; അറിയാൻ മണിക്കൂറുകൾ: ഏവർക്കും ചങ്കിടിപ്പ്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. പഞ്ചാബ് ലഭിക്കുമെന്ന പ്രചനങ്ങള്‍ വന്നതോടെ തുടര്‍ നീക്കങ്ങള്‍ സംബന്ധിച്ച കൂടിയാലോചനകള്‍ ആംആദ്മി പാര്‍ട്ടി ആരംഭിച്ചു. കേവല ഭൂരിപക്ഷം ലഭിക്കാത്തിടങ്ങളില്‍ സഖ്യനീക്കങ്ങ‍‍ള്‍ക്കായുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന നിലയില്‍ വിജയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  നിര്‍ണായകമാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ പ്രതീക്ഷയിലും കണക്ക് കൂട്ടലിലുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്ക് അധികാര തുടര്‍ച്ച. ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്, പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറും എന്നിങ്ങനെയാണ് പ്രവചനങ്ങള്‍. എക്സിറ്റ്പോള്‍ ഫലങ്ങള്‍ വന്നതോടെ  സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങളിലാണ് ബിജെപി. 

കഴിയുന്നത്ര പോരാടി എന്നും ഫലം വരട്ടെ എന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം. 2017ല്‍ ഗോവയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്ന അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസ് പ്രത്യേക  പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്.  ഉത്തരാഖണ്ഡിലും ഗോവയിലും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട സഖ്യനീക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള് പ്രതിനിധി സംഘങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബില്‍ ഭരണം പിടിക്കുകയും ഗോവയില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്താല്‍ ദേശീയതലത്തില്‍ നടത്തേണ്ട നീക്കങ്ങളടക്കം ആം ആദ്മി പാര്‍ട്ടിയുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നതായാണ് വിവരം.