പഞ്ചാബില്‍ വോട്ടെടുപ്പ് നാളെ; പ്രവചനാതീതം ജനവിധി: പോരാട്ടം ഇഞ്ചോടിഞ്ച്

പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മല്‍സരത്തില്‍ പ്രവചനാതീതമാകും ജനവിധി. അവസാന ഘട്ടത്തിലുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍.  

സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്്ക്ക് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക മാത്രമല്ല അഭിമാന പോരാട്ടത്തില്‍ ജയം അനിവാര്യമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ചതുഷ്കോണ മല്‍സരത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന ശിരോമണി അകാലിദള്‍. പഞ്ചാബില്‍ ഇത്തവണ അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ഛന്നി നടത്തിയ ഭയ്യ പരാമര്‍ശം എതിരാളികള്‍ ആഘോഷിച്ചു. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ ആരോപണം ആംആദ്മി പാര്‍ട്ടിയെ തിരിച്ചടിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ ചുമലിലേറി സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് കര്‍ഷക രോഷം വിലങ്ങുതടിയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി സിദ്ദു ഉയര്‍ത്തിയ സമ്മര്‍ദ്ദം അതിജീവിക്കാനായെങ്കിലും സമവായത്തിലെത്തിയെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ല. പഞ്ചാബ് അഭിമാന പ്രശ്നമായി മാറിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം. കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ സംയുക്ത സമാജ് മോര്‍ച്ച പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. നാളെ ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.