യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ: ലഖിംപൂരിൽ ബിജെപിക്ക് ചങ്കിടിപ്പ്

ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി, കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ  ഉൾപ്പെടെ 59 മണ്ഡലങ്ങൾ നാളെ വിധി എഴുതും. 2017ൽ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്. ലഖിംപൂർ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പ്രകടനം ആവർത്തിക്കുക ബിജെപിക്ക് വെല്ലുവിളിയാണ്. 

   

ലഖിംപൂർഖേരി തന്നെയാണ് നാലാം ഘട്ട വോട്ടെടുപ്പിൻ്റെ ശ്രദ്ധാ കേന്ദ്രം. 2017ൽ ജില്ലയിലെ മണ്ഡലങ്ങളിലും ബിജെപി തൂത്ത് വാരിയിരുന്നു. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ച് കർഷകരെ കൊലപ്പെടുത്തിയതോടെ ജില്ലയിലെ രാഷ്ട്രീയ ചിത്രം മാറി മറിഞ്ഞു.  അശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതും വിഷയം കൂടുതൽ ചർച്ചയകാൻ കാരണമായി. എസ്.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെല്ലം കർഷക കൊലപാതകം ഉയർത്തി ശക്തമായ പ്രചരണമാണ് നടത്തിയത്. കർഷക സംഘടനകളും ബിജെപിക്ക് എതിരെ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.  ലക്നൗവിൽ സരോജിനി നഗർ പോലുള്ള ഗ്രാമീണ മണ്ഡലങ്ങളിൽ കനത്ത മത്സരമാണ് ബിജെപി നേരിടുന്നത്. എന്നാൽ നഗര മേഖലകളിൽ ബിജെപിക്കുള്ള പിന്തുണയിൽ കാര്യമായ വിള്ളൽ ഉണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞേക്കില്ല. 

സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിൽ കോൺഗ്രസിന് കര്യങ്ങൾ എളുപ്പമല്ല. ജില്ലയിലെ രണ്ട് സിറ്റിംഗ് എംഎൽഎമാരും കൂറുമാറി.  പ്രിയങ്ക ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിൽ ആണ് കോൺഗ്രസിൻ്റെ പ്രതീക്ഷ. പ്രിയങ്ക ഗാന്ധിക്ക് പുറമെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്.പി നേതാവ് അഖിലേഷ് യാദവും ജില്ലയിൽ പ്രചരണത്തിന് എത്തിയത് പോരാട്ടച്ചൂട് ഉയർത്തിയിട്ടുണ്ട്. ഒരേയൊരു ലോക്സഭാ സിറ്റിങ് സീറ്റിലും മികച്ച പ്രകടനം നടത്താൻ ആയില്ലെങ്കിൽ കോൺഗ്രസിൻ്റെ മിഷൻ യു.പി വൻ പരാജയമായി വിലയിരുത്തപ്പെടും. ഉന്നാവ് അതിജീവിതയുടെ അമ്മ കോൺഗ്രസിനായി മത്സരിക്കുന്ന ഉന്നാവ് മണ്ഡലവും നാളെ പോളിങ് ബൂത്തിൽ എത്തും.