പെൺകുട്ടിയുടെ ആത്മഹത്യ; ചതിച്ചത് മൊബൈല്‍ പ്രണയം; പിന്നാലെ തെളിവുനശിപ്പിക്കാനും ശ്രമം

തിരുവനന്തപുരം ജില്ലയില്‍ പ്രണയകുരുക്കില്‍ പെട്ട് ആത്മഹത്യ ചെയ്ത ഭൂരിഭാഗം ആദിവാസി കുട്ടികളെയും പ്രതികള്‍ വലയിലാക്കിയത് മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലൂടെ. വിതുരയില്‍ പതിനെട്ടുകാരിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അടുപ്പത്തിലായിരുന്ന യുവാവ് വീട്ടിലെത്തി മൊബൈലില്‍ നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. വിവാഹ വാഗ്ദാനം നല്‍കി ചതിച്ചതാണ് ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണമെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തം. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു. 

തിരുവനന്തപുരത്തെ തുടര്‍ ആത്മഹത്യകളില്‍ അവസാനത്തെ പേരാണ് വിതുരയിലെ പതിനെട്ടുകാരി. ഈ തിങ്കളാഴ്ച പകല്‍ 11ന്, അതുവരെയും സന്തോഷവതിയായ കണ്ട അവള്‍ കിടപ്പുമുറിയില്‍ ജീവനൊടുക്കി.

ആദിവാസി ഊരിലെ ഇല്ലായമകളെയെല്ലാം തോല്‍പ്പിച്ചാണ് അവള്‍ ഡിഗ്രി വരെയെത്തിയത്. ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ വാങ്ങിയ നല്‍കിയ മൊബൈലിലൂടെയാണ് ചിറ്റാര്‍ സ്വദേശിയെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി സ്നേഹിച്ചയാള്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ തേടി പോയതോടെ മനസ് കൈവിട്ടു.

പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ യുവാവ് ആദ്യം ശ്രമിച്ചത് മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്ക്പ്പുറം കൊലപാതകമന്ന സംശയവും കുടുംബം ഉന്നയിക്കുന്നു. പ്രതിയായ ആകാശ് നാഥ് അറസ്റ്റിലാണ്. ആത്മഹത്യാപ്രേരണയ്ക്കപ്പുറം ലൈംഗിക ചൂഷണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.