സ്കൂളുകള്‍ അടയ്ക്കും; 9ാം ക്ളാസ് വരെ ഓൺലൈൻ; പരീക്ഷകളിൽ തീരുമാനം പിന്നീട്

കോവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ളാസുകള്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. എല്ലാ സര്‍ക്കാര്‍ പരിപാടികളും ഓണ്‍ലൈനാക്കും. ഗര്‍ഭിണികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ക്കും മാളുകളില്‍ പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താനും അവലോകനയോഗത്തില്‍ തീരുമാനം.

രണ്ടര മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിന് വഴിമാറുകയാണ്. 1 മുതല്‍ 9 വരെയുള്ള ക്ളാസുകളാണ് 21 മുതല്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കുന്നത്. അതിന് ശേഷമുള്ള കാര്യം പിന്നീട് തീരുമാനിക്കും. 10, +1, +2 ക്ളാസുകള്‍ തുടരും. അടയ്ക്കുന്ന ദിവസങ്ങളില്‍ കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കി സ്കൂളുകള്‍ മാറ്റുന്ന കാര്യം വിദ്യാഭ്യാസ–ആരോഗ്യവകുപ്പുകള്‍ ആലോചിച്ച് തീരുമാനിക്കും. സ്കൂളുകള്‍ അടയ്ക്കുമെങ്കിലും വാരാന്ത്യലോക്ഡൗണോ രാത്രികാല നിയന്ത്രണമോ വേണ്ടെന്ന് തീരുമാനിച്ചു. പകരം പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കും. 

ഇതിനായി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,സഹകരണ, പൊതുമേഖ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും ഓണ്‍ലൈനാക്കും. ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. രോഗസ്ഥിരീകരണ നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ എല്ലാ പൊതുപരിപാടികളിലും പങ്കെടുക്കാവുന്നവരുടെയെണ്ണം അമ്പതായി ചുരുക്കി. സ്വകാര്യ പരിപാടികളിലെ പങ്കാളിത്തം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതില്‍ കൂടുതല്‍ പങ്കെടുപ്പിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം. ടിയപി.ആര്‍ 30ന് മുകളിലുള്ളയിടങ്ങളില്‍ പൊതുപരിപാടി അനുവദിക്കില്ല. മാളുകള്‍ക്കും നിയന്ത്രണമുണ്ട്.25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയിലെ പ്രവേശിപ്പിക്കാവൂ.

16 ന് ശേഷമുള്ള ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് മുന്‍കൂട്ടി ബുക്ക് ചെയ്തവരോട് അഭ്യര്‍ഥിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഗുരുതര സാഹചര്യമെന്നും യോഗം വിലയിരുത്തി. രോഗവ്യാപനത്തിനിടെ സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി അവലോകനയോഗത്തില്‍ നിര്‍ദേശിച്ചു.