തൃക്കാക്കരയിൽ സ്വരാജോ അനിൽകുമാറോ? സിപിഎമ്മിന് അഭിമാനപ്പോര്

ഉപതിരഞ്ഞെടുപ്പുചര്‍ച്ച സജീവമായ തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ഥിയായി സംസ്ഥാന കമ്മറ്റി അംഗം എം. സ്വരാജ് എത്താന്‍ സാധ്യത. മുന്നണിയിലൊ, സി.പി.എമ്മിലൊ സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഔദ്യോഗീക ചര്‍ച്ച തുടങ്ങിയിട്ടില്ലെങ്കിലും കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ പേരും ഉയരുന്നുണ്ട്. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ നടപടിയെടുത്ത സാഹചര്യത്തില്‍ സി.പി.എമ്മിന് ഉപതിരഞ്ഞെടുപ്പ് അഭിമാനപ്പോര് കൂടിയാണ്.

ഭരണാനൂകൂലഘടകം മുതലാക്കി നിയമസഭയില്‍ ഇടതുമുന്നണിയുടെ സീറ്റുനില നൂറിലെത്തിക്കുകയാണ് സി.പി.എം. ലക്ഷ്യം. സ്ഥാനാര്‍ഥിക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആയിട്ടില്ലെങ്കിലും എം. സ്വരാജിലെയ്ക്കാണ് പേരു ചുരുങ്ങുന്നത്. ജയിക്കുമെന്നുറപ്പിച്ചിട്ടും, ത‍ൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടതോടെ നിയമസഭയില്‍ എത്തേണ്ടയൊരാള്‍ എത്താത്തതിന്റെ നിരാശ ഇപ്പോഴും മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കുണ്ട്. ഇടതുസ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണക്കാരായി എന്ന പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയെറ്റ് അംഗം സി.കെ. മണിശങ്കര്‍, വൈറ്റില മുന്‍ ഏരിയ സെക്രട്ടറി കെ.ഡി. വിന്‍സെന്റ് എന്നിവരെ സസ്പെന്‍ഡുചെയ്തത് ശരിവയ്ക്കണമെങ്കില്‍, ത‍ൃക്കാക്കരയില്‍ സി.പി.എമ്മിന് ജയം അനിവാര്യവുമാണ്. 

തൃപ്പൂണിത്തുറയിലെ പരാജയത്തിന് കാരണം സ്ഥാനാര്‍ഥികൂടിയാണെന്ന വിമര്‍ശനം ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എം. സ്വരാജ് മണ്ഡലം  മാറിയെത്തുമ്പോള്‍ ആ വെല്ലുവിളികൂടി പാര്‍ട്ടിയ്ക്ക് മറികടക്കണം. യു.‍ഡി.എഫിന് അനുകൂലമായ സഹതാപതരംഗം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമുഖ മുഖംതന്നെ മല്‍സരിക്കാനെത്തണമെന്നാണ് പാര്‍ട്ടിയിലെ പൊതുആവശ്യവും. മേയ് ആദ്യവാരം മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കും. പാര്‍ട്ടി തീരുമാനമെടുത്താല്‍ മല്‍സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സ്വരാജിനും ആകില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് പരാജയപ്പെട്ട അനില്‍കുറിനെക്കാള്‍ സാധ്യത സ്വരാജിന് തന്നെയാകും.