സില്‍വര്‍ലൈന്‍ കേരളത്തെ വിഭജിക്കും; മുഖ്യമന്ത്രി പറ്റിക്കുന്നു: ഇ.ശ്രീധരന്‍

സിൽവർലൈനിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ തുറന്നടിച്ച് വീണ്ടും ഇ.ശ്രീധരൻ. മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതിന് പുറമെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നും  ശ്രീധരൻ  ആരോപിച്ചു. പദ്ധതിക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും ശ്രീധരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി  നടത്തിയ വിശദീകരണയോഗത്തെ അടക്കം വിമർശിച്ചാണ് ഇ. ശ്രീധരൻ  വീണ്ടും സിൽവർലൈനിനെ വിമർശിക്കുന്നത്. വൻകിട പദ്ധതികളുടെ ഡിപിആർ പുറത്തുവിടാറില്ലെന്ന വാദം തെറ്റാണെന്നും താൻ തയാറാക്കിയ വിവിധ ഡിപിആറുകൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ശ്രീധരൻ പറയുന്നു. സിൽവർലൈൻ കേരളത്തെ വിഭജിക്കും. 393 കിലോമീറ്റർ ദൂരത്തിൽ ഏണ്ണൂറ്  ഭൂഗർഭപാതകളും മേൽപാലങ്ങളും രൂപപ്പെടും. 

ഇവയോരോന്നിനും 20കോടി രുപ ചെലവ് വരും. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്നും എന്നാലിത് എസ്റ്റിമേറ്റിൽ ഇല്ലെന്നും ശ്രീധരൻ ആരോപിച്ചു. സിൽവർ ലൈനിന് ഇരുവശവും സുരക്ഷാകാരണങ്ങളാൽ കോൺക്രീറ്റ് മതിലുകൾ രൂപപ്പെടുമെന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം രണ്ടായി വിഭജിക്കപ്പെടുമെന്ന് ശ്രീധരൻ ആരോപിക്കുന്നത്. ഈ രീതിയിൽ നിർമാണമുണ്ടായാൽ ഡ്രെയിനേജ് സംവിധാനം ഉൾപ്പെടെ തടസപ്പെടുമെന്നും ശ്രീധരൻ ആരോപിച്ചു.