‘സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും; ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹത’

സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍. പദ്ധതിക്കായി 393 കിലോ മീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. നാട്ടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്.സിൽവർ ലൈൻ പദ്ധതി മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ഇ ശ്രീധരൻ ആരോപിച്ചു. പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യം. ഏതെങ്കിലും ഒരു വിഭാഗം എതിർപ്പു ഉയർത്തി എന്ന കാരണത്താൽ ഒരു സർക്കാർ പദ്ധതി ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. ഏതാനും ചിലരുടെ എതിർപ്പിനുമുന്നിൽ വഴങ്ങിക്കെടുക്കലല്ല സർക്കാരിന്റെ ധർമം. ഡി.പി.ആർ പുറത്തു വിടാത്തത് ദുരൂഹമെന്നും ശ്രീധരൻ പറഞ്ഞു. 

പദ്ധതി ചെലവിൽ ദുരൂഹതയുണ്ട്. പ്രൊജക്ട് റിപ്പോർട്ട് പുറത്തു വിടാത്തതിനു കാരണം ഇതാണ്. ജനങ്ങൾ പദ്ധതി ചെലവ് മനസിലാക്കുമെന്നതിനാലെന്നും ശ്രീധരൻ പറഞ്ഞു. നാടിൻ്റെ വികസനമാണ് ലക്ഷ്യമെങ്കിൽ നിലമ്പൂർ - നഞ്ചൻകോട് പാത എന്തുകൊണ്ട് നിർത്തി ? ലൈറ്റ് മെട്രോ പ്രോജക്ടുകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? ശബരിമലയിൽ വിമാനത്താവളത്തിൻ്റെ ആവശ്യമെന്നാണ് ? എന്തോ ഒരു ഹിഡൻ അജണ്ട പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ഇല്ലാതെ റെയിൽവെ പദ്ധതി നടപ്പാക്കാൻ കഴിയില്ല. കേന്ദ്രം അനുമതി നൽകും എന്ന് കരുതുന്നില്ല.  അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. നാടിന് ആവശ്യമായ പദ്ധതികളിൽ സർക്കാർ ഊന്നി നിൽക്കണം. ആരേയും ബുദ്ധിമുട്ടിക്കാനല്ല നാടിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നും ശ്രീധരൻ പറഞ്ഞു.