സസ്പെന്‍ഷൻ പിൻവലിച്ച തീരുമാനം അപൂർവം; സ്വാധീനിച്ച ഘടകങ്ങൾ ഇങ്ങനെ

സസ്പെന്‍ഷനിലായ ചീഫ് വൈല്‍ഡ്്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചൻ തോമസിനെ അതേ തസ്തികയിലേക്കുതന്നെ തിരികെകൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം അപൂര്‍വ്വമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചീഫ് സെക്രട്ടറി ബെന്നിച്ചന്‍ തോമസിന് അനുകൂലമായി നല്‍കിയ  റിപ്പോര്‍ട്ടാണ് സസ്പെന്‍ഷൻ പിന്‍വലിക്കാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും സര്‍ക്കാര്‍തീരുമാനത്തെ സ്വാധീനിച്ചു.

മുല്ലപെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍മുറിക്കാന്‍ തമിഴ്നാടിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയ ബെന്നിച്ചന്‍ തോമസിനെ ന്യായീകരിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെതെന്നാണ് സൂചന. ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയെങ്കിലും ഒരുമരം പോലും മുറിച്ചില്ല, കേരളത്തിന്‍റെ നിലപാടിന് വിരുദ്ധമായി ഒന്നും സംഭവിച്ചില്ല എന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു. സസ്പെന്‍ഷൻ പിന്‍വലിക്കുന്നതിനെ ഇത് സ്വാധീനിച്ചു. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയതെന്ന വിശദീകരണമാണ് ബെന്നിച്ചന്‍തോമസ് സര്‍ക്കാരിന്  നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പരിഗണിച്ചു. 

ബെന്നിച്ചന്‍ തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന അഭിപ്രായം പലരും സര്‍ക്കാരിലെ ഉന്നതരെ അറിയിക്കുകയും ചെയ്തു. കൂടാതെ ഐ.എ.എസ്, എ.എഫ്.എസ്, ഐ.പിഎസ് ഉദ്യോഗസ്ഥരുടെ സംഘടനകളും ബെനിനിച്ചന്‍തോമസിന്‍റെ സസ്പെന്‍ഷന്‍പിന്‍വലിക്കണമെന്് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സസ്പെന്‍ഷന്‍പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളില്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന് പങ്കുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ വിവാദ ഉത്തരവ് ഇറക്കിയതിന്‍റെ യാഥാര്‍ഥകാരണം, നവംബര്‍ ഒന്നാം തീയതിയിലെ യോഗത്തിന്‍റെ മിനിറ്റ്സ് എന്നിവ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടുമില്ല.