മുല്ലപ്പെരിയാറിലെ തമിഴ്നാടിന്റെ 'തോന്നുംപോലെ നടപടി' വിലക്കണം: കേരളം കോടതിയിൽ

മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിലെ വെള്ളം തുറന്നു വിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണം എന്ന് സുപ്രീം കോടതിയോട് കേരളം ആവശ്യപ്പെട്ടു. രാത്രി കാലങ്ങളില്‍വെള്ളം തുറന്നു വിടരുത്, മേൽനോട്ട സമിതി നിയമാനുസൃതം പ്രവർത്തിക്കണം എന്നും ആവശ്യം. വീടിനും വസ്തുവകകള്‍ക്കും കേടുപാടുകള്‍ ഉണ്ടായവര്‍ക്ക് തമിഴ്നാട് നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യം  ഇടക്കാല സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കി. ഇടക്കാല സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു മുന്നറിയിപ്പില്ലാതെ രാത്രിയിലും വെളുപ്പാന്‍കാലത്തും തമിഴ്നാട് വെള്ളം തുറന്നുവിടരുത് എന്നതാണ് കേരളത്തിന്‍റെ പ്രധാന ആവശ്യം. സുപ്രീംകോടതി ഇക്കാര്യത്തില്‍ വേണ്ടനിര്‍ദേശം നല്‍കണമെന്ന് ഇടക്കാല സത്യവാങ്മൂലം പറയുന്നു. സുപ്രീംകോടതിയുടെ തന്നെ നേരത്തെയുള്ള നിര്‍ദേശത്തെ അട്ടിമറിച്ചുകൊണ്ടാണ് തമിഴ്നാട് വെള്ളം തുറന്നുവിടുന്നതെന്ന് സത്യവാങ്മൂലം പറയുന്നു. ഇത് പെരിയാറിന്‍റെ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നു. സ്ഥലവാസികള്‍ വലിയ പ്രശ്നം നേരിടുകയാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിച്ചു.  പകലും രാത്രിയിലും തുടര്‍ച്ചയായി വെള്ളം ഒഴുക്കിവിട്ട് ഒരുമിച്ച് വലിയതോതില്‍വെള്ളം ഒഴുക്കേണ്ട സ്ഥിതി ഒഴിവാക്കണം. മേല്‍നോട്ടസമിതി സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. ഇക്കാര്യങ്ങളിലും സുപ്രീം കോടതി വേണ്ട നിര്‍ദേശം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 

അപകട സാഹചര്യമായ‍തിനാലാണ് അർദ്ധ‍രാത്രിയിൽ വെള്ള‍മൊഴുക്കിയതെന്നും, നിലവിൽ പകൽ മാത്രമാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്ന‍തെന്നും തമിഴ്നാട് വാദിക്കും. ജലനിരപ്പ് 142 അടിയിൽ ക്രമീകരിക്കണം,  അണക്കെട്ട് ബലമുള്ളതാണ് എന്ന ന്ന  തമിഴ്നാടിന്‍റെ പതിവ് വാദങ്ങള്‍സുപ്രീംകോടതി അംഗീകരിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.