പൊലീസിന്റെ തുടർച്ചയായ വീഴ്ച; 10 ന് ഉന്നതതല യോഗം

പൊലീസിന്റെ വീഴ്ചകളും അതിനെതിരായ വിമര്‍ശനങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് പൊലീസ് മേധാവി. എസ്.പി മുതല്‍ ഡി.ജി.പി റാങ്ക് വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പൊലീസ് ആസ്ഥാനത്തെ യോഗത്തില്‍ നേരിട്ട് പങ്കെടുക്കണമെന്ന് നിര്‍ദേശം. വീഴ്ചകള്‍ക്ക് കാരണം ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടക്കുറവെന്നും വിലയിരുത്തല്‍.

രണ്ട് മാസം മുന്‍പാണ് മുഖ്യമന്ത്രി പൊലീസിന്റെ വിപുലയോഗം വിളിച്ച് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയത്. പക്ഷെ ഒരു ഗുണവുമുണ്ടായില്ല. ആലുവയിലെ നവവധുവിന്റെ ആത്മഹത്യക്ക് പോലും കാരണമായി പൊലീസ് പ്രതിക്കൂട്ടില്‍ തന്നെ. മംഗലപുരത്തും മലയിന്‍കീഴിലും ചേര്‍ത്തലയിലുമായി സംസ്ഥാനത്തെമ്പാടും വീഴ്ചകള്‍. ജനങ്ങളുടെ പരാതി ഒരുവശത്തെങ്കില്‍ മറുവശത്ത് ഹൈക്കോടതി എന്നും കണക്കിന് വിമര്‍ശിക്കുകയാണ്. മോന്‍സന്‍ കേസില്‍ ഡി.ജി.പിയെയും എ.ഡി.ജി.പിയേയുമെല്ലാം പലതവണ നിര്‍ത്തിപ്പൊരിച്ചു. ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ മാപ്പ് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചിട്ടും കോടതി വിട്ടിട്ടില്ല. ഇങ്ങനെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊലീസ് നാണക്കേടിലേക്ക് കൂപ്പുകുത്തുന്നതോടെയാണ് അനില്‍കാന്ത് അടിയന്തിരയോഗം വിളിച്ചത്. 

എസ്.ഐ മുതല്‍ ഡിവൈ.എസ്.പി വരെ താഴേതട്ടിലുള്ളവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് ഉന്നതപൊലീസുകാരുടെ വിലയിരുത്തല്‍. എസ്.പിയും ഡി.ഐ.ജിയുമൊക്കെ താഴേതട്ടിലുള്ളവരെ തിരുത്തുന്നതിലും പരാജയപ്പെടുന്നു. ഇതില്‍ മാറ്റം വരുത്തുകയാണ് യോഗത്തിന്റെ മുഖ്യലക്ഷ്യം. രണ്ടാം പിണറായി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതായി അവകാശപ്പെടുന്ന സ്ത്രീപക്ഷ–പോക്സോ കേസുകള്‍ കാര്യക്ഷമമാക്കുന്നതും ചര്‍ച്ച ചെയ്യും. 

നിലവിലെ പ്രധാന കേസുകളുടെ വിലയിരുത്തലും നടക്കും. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ചെത്തുന്നത്. വെള്ളിയാഴ്ച രാവില പത്തരയ്ക്കാണ് യോഗം