വര്‍ക്കലയില്‍ വറ്റ മല്‍സ്യം കഴിച്ച ഇരുപത്തി ഏഴുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിര്‍ദേശപ്രകാരം വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വറ്റ മത്സ്യത്തിന്‍റെ വില്‍പ്പന താല്‍ക്കാലികമായി തടഞ്ഞു. മല്‍സ്യം വാങ്ങുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ രേഖാമൂലം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വര്‍ക്കല ഉള്‍പ്പെടുന്ന തീരമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി വറ്റ മത്സ്യത്തിന്‍റെ ചാകരയുണ്ടായിരുന്നു. കാര്യമായ വിലക്കുറവില്‍ വിപണിയിലും മല്‍സ്യ ലഭ്യതയുണ്ടായി. വറ്റ വാങ്ങിക്കഴിച്ചവരില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടായി. ശാരീരിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ചികില്‍സ തേടിയവരുമുണ്ട്. വറ്റ മത്സ്യം കഴിച്ചതില്‍ ഇരുപത്തി ഏഴുപേര്‍ ചികിത്സയിലാണെന്നും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വെട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മല്‍സ്യം കഴിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വര്‍ക്കല നഗരസഭ അധ്യക്ഷയും മുന്നറിയിപ്പ് നോട്ടിസിറക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വറ്റ മല്‍സ്യത്തിന്‍റെ വില്‍പന തടഞ്ഞു. വര്‍ക്കല പൊലീസിന്‍റെ സഹായത്തോടെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധിച്ചു. ഇരുപത് മുതല്‍ ഇരുപത്തി അഞ്ച് കിലോ വരെ തൂക്കമുള്ള വലിയ വറ്റ മത്സ്യങ്ങളുടെ വിൽപ്പന തടഞ്ഞു. ആദ്യഘട്ടത്തിൽ വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ വിൽപ്പന നിർത്തി.
മത്സ്യം കഴിച്ചവർക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടിന്‍റെ യഥാര്‍ഥ കാരണം വിശദമായ പരിശോധനയിലൂടെ സ്ഥിരീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.