തിരുവനന്തപുരം കേശവദാസപുരത്ത് മെഡിക്കൽ ഷോപ്പിൽനിന്ന് പണം കവർന്ന ജീവനക്കാരി പിടിയിൽ. പാങ്ങോട് വലിയവയൽ സ്വദേശിനി മോനിഷയാണ് പിടിയിലായത്. മോഷ്ടിച്ച 1,86,000 രൂപ മോനിഷയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
ഞായറാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു കേശവദാസപുരത്തെ സേവന മെഡിക്കൽ ഷോപ്പിൽ മോഷണം നടന്നത്. ഷട്ടറിന്റെ ലോക്ക് തുറന്നു അകത്തുകയറി മേശ വലിപ്പിൽ നിന്ന് 1,86,000 രൂപ മോഷ്ടിക്കുകയായിരുന്നു. തലമറച്ച ഒരു സ്ത്രീയാണ് മോഷണം നടത്തിയതെന്ന് സിസി ടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമായി.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച പൊലീസ് ജീവനക്കാരിയായ മോനിഷയിലേക്ക് എത്തുകയായിരുന്നു. പലതവണ ചോദ്യം ചെയ്തപ്പോഴും മോനിഷ കുറ്റം സമ്മതിച്ചില്ല. ഒടുവിൽ മൊബൈൽ ടവർ ലൊക്കേഷനുൾപ്പെടെയുള്ള തെളിവുകൾ നിരത്തിയപ്പോഴാണ് മോഷ്ടിച്ചെന്ന് സമ്മതിച്ചത്. മോഷ്ടിച്ച പണം ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.