ടെക്കികളെ വായനയുടെ ലോകത്തേക്ക് ക്ഷണിച്ച് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ടെകനോപാര്‍ക്കില്‍ ലൈബ്രറിയുടെ ശാഖ തുടങ്ങി. ആയിരം പുസ്തകങ്ങളുമായാണ് ലൈബ്രറി തുടങ്ങുന്നത്. ലൈബ്രറി സ്മാര്‍ട്ട് കാര്‍ഡിലേക്കും ഡിജിറ്റല്‍ പേയ്മെന്റിലേക്കും വഴിമാറുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

അഞ്ച് ലക്ഷം പുസ്തകങ്ങളും അപൂര്‍വ ഗ്രന്ഥങ്ങളും രേഖകളും നിധി പോലെ സൂക്ഷിക്കുന്ന ഇരുനൂറ് വര്‍ഷത്തിലേക്ക് അടുക്കുന്ന തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ആദ്യ ബ്രാഞ്ചാണ് ടെക്നോപാര്‍ക്കില്‍ തുടങ്ങിയത്. ടെക്നോപാര്‍ക്കിലെ ഭവാനിയില്‍ ടെക്കികളുടെ അടുത്തേക്ക് ലൈബ്രറി എത്തുമ്പോള്‍ ആയിരം പുസ്തകങ്ങളാണ് തുടക്കത്തിലുള്ളത്. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ അംഗത്വം മതിയാകും ഇവിടെ പുസ്തകമെടുക്കാന്‍. മലയാളത്തിലെ ക്ളാസിക്ക് കൃതികള്‍ ഉള്‍പ്പെടെ ഗ്രന്ഥശേഖരത്തിലുണ്ട്. 

ഐ.ടി, ഉന്നതവിദ്യാഭ്യാസവകുപ്പുകളുടെ പിന്തുണയും ലൈബ്രറിക്കുണ്ട്. രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ആറുവരെയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം. ഇതിനൊപ്പം മറ്റ് രണ്ട് പ്രധാന പദ്ധതികള്‍ക്ക് കൂടി തുടക്കമായി. അംഗങ്ങളുടെ തിരിച്ചറിയലും പുസ്തകവിതരണത്തിനുമുള്ള കാര്‍ഡുകള്‍ ഏകീകരിച്ച് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറി. റജിസ്ട്രേഷനും പിഴയുമൊക്കെ ഇനി ഡിജിറ്റല്‍ പേയ്മെന്റായും നല്‍കാം. 

ENGLISH SUMMARY:

State Central Library Technopark branch brings books closer to techies as part of the Kerala government's 100-day action plan. This new initiative features smart cards and digital payments, marking a modern milestone for the nearly 200-year-old institution.