തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സി.എം.പി) പുതുക്കി നൽകണമെന്ന സംസ്ഥാന സർക്കാർ നിർദേശത്തിൽ ഇനി നിർണായകം കെ.എം.ആർ.എൽ നിലപാട്. സി.എം.പി പുതുക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ കെ.എം.ആർ.എൽ ഉറച്ചുനിന്നാൽ പദ്ധതിയുടെ തുടർനടപടികൾ പ്രതിസന്ധിയിലാകാനിടയുണ്ട്.
സി.എം.പി പുതുക്കി നൽകിയെന്ന കെ.എം.ആർ.എൽ അധികൃതരുടെ മാധ്യമപ്രസ്താവനയെ തുടർന്ന് ഗതാഗത വകുപ്പ് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2025 ഡിസംബർ മുതൽ നിലവിൽ സമർപ്പിച്ചിരിക്കുന്ന സി.എം.പി പുതുക്കി നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഏപ്രിലിലും ജൂലൈയിലും ഇതുസംബന്ധിച്ച് കെ.എം.ആർ.എല്ലിന് കത്തയച്ചിരുന്നു.
Read more: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം ...
എന്നാൽ സി.എം.പിയിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നായിരുന്നു കെ.എം.ആർ.എൽ സർക്കാരിന് നൽകിയ മറുപടി. ഇതിന് വിരുദ്ധമായാണ് മാധ്യമങ്ങളോട് സി.എം.പി പുതുക്കി നൽകിയതായി അറിയിച്ചതെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.
2017ലെ മെട്രോ റെയിൽ നയത്തിന്റെ അടിസ്ഥാനത്തിൽ സി.എം.പി പുതുക്കി നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. സംസ്ഥാന സർക്കാർ സി.എം.പി അംഗീകരിച്ച ശേഷമാണ് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) കേന്ദ്രാനുമതിക്കായി സമർപ്പിക്കേണ്ടത്.
കെ.എം.ആർ.എൽ ഇതിനകം ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ടെങ്കിലും സി.എം.പിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷമേ ഡി.പി.ആർ കേന്ദ്രാനുമതിക്കായി സമർപ്പിക്കാനാകൂ. അതിനാൽ സി.എം.പി സംബന്ധിച്ച കെ.എം.ആർ.എൽ നിലപാട് പദ്ധതിയുടെ തുടർ നടപടികളിൽ നിർണായകമാകും.