കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറികള്‍ക്ക് പണം നല്‍കാതെ ഹോര്‍ട്ടികോര്‍പ്പ്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ കാര്‍ഷിക മൊത്തവ്യാപാര ചന്തയില്‍ മാത്രം 85 ലക്ഷം രൂപയാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഈ ഓണത്തിന് കൃഷി തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് കടം കയറിയ കര്‍ഷകര്‍.
പുലരും മുതല്‍ പാതിരാ വരെ കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കി പണിത് ഒടുവില്‍ വിളകള്‍ ഹോര്‍ട്ടികോര്‍പ്പിന് കൈമാറിയ 150ലധികം കര്‍ഷകരാണ് പട്ടിണിയില്‍ കഴിയുന്നത്. കഴിഞ്ഞ എട്ടുമാസമായി ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക 85 ലക്ഷം കടന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താമെന്ന ഹോര്‍ട്ടികോര്‍പ്പിന്‍റെ വാഗ്ധാനം വിശ്വസിച്ചവരാണ് വഴിയാധാരമായത്.
കൃഷി ഇറക്കാനെടുത്ത ബാങ്ക് വായ്പയും പലിശയും എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയില്ല. ഈ ഓണക്കാലത്ത് നിലനില്‍പിനുള്ള ഉപജീവനം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് കര്‍ഷകര്‍.
കര്‍ഷകരില്‍ നിന്ന് വാങ്ങിയ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിറ്റ് കാശാക്കിയിട്ടാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ ഈ വഞ്ചന. പണം എന്ന് നല്‍കുമെന്ന കര്‍ഷകരുടെ ചോദ്യത്തിന് ഫണ്ട് അനുവദിച്ചില്ലെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്‍റെ മറുപടി.