ലൈഫ് മിഷൻ പദ്ധതി ഫണ്ടിൽ കോടികളുടെ തിരിമറി നടത്തിയ കേസിലെ മുഖ്യപ്രതിയായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എം.ആർ.റാണി ലക്ഷ്മിക്കെതിരെ കോന്നി പൊലീസ് വീണ്ടും കേസെടുത്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പുതിയ കേസ്. 2021 ജനുവരി 31 മുതൽ 2024 ഒക്ടോബർ 24 വരെ അരുവാപ്പുലത്ത് ജോലി ചെയ്ത കാലയളവില്‍ 20 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. 

2022-2025 കാലയളവിൽ ലൈഫ് മിഷൻ, ടോയ്‌ലറ്റ് മെയിന്‍റനൻസ് പദ്ധതികൾക്കായി അനുവദിച്ച പ്ലാൻ ഫണ്ടിൽ നിന്നാണ് പണം വകമാറ്റിയത്. ഗുണഭോക്താക്കൾക്ക് നിശ്ചിത തുകയേക്കാൾ കൂടുതൽ തുക നൽകിയതായി രേഖപ്പെടുത്തിയ ശേഷമാണ് തട്ടിപ്പ്. അധിക തുക സ്വന്തം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു.​

മുമ്പ് തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ കോന്നി സർക്കിൾ ഇൻസ്പെക്ടർ കിരണിന്‍റെ നേതൃത്വത്തിൽ ഇവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ റാണി ലക്ഷ്മിയെ സസ്പെൻഡ് ചെയ്തിരുന്നു.

വിവിധ പഞ്ചായത്തുകളിലായി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തട്ടിപ്പ് പണം ഉപയോഗിച്ച് ഭർത്താവിന് ലോറി വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ​സർക്കാർ ഫണ്ട് തട്ടിപ്പായതിനാൽ കേസ് ഉടൻ വിജിലൻസിന് കൈമാറും. വ്യാജരേഖകൾ ചമച്ച് നടത്തിയ തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Life Mission fund scam involves a Village Extension Officer named M.R. Rani Lakshmi who has been booked again by Konni police for misappropriating funds. The new case alleges a Rs 20 lakh irregularity during her tenure in Aruvapulam grama panchayat, diverting money from Life Mission and Toilet Maintenance project funds.