തിരുവനന്തപുരം നഗരത്തില്‍ പണിമുടക്കി ട്രാഫിക് സിഗ്നലുകള്‍ വലഞ്ഞ് ജനം. കെല്‍ട്രോണിന്‍റെ ചുമതലയിലുളളവയുടെ  പരിപാലനക്കരാര്‍ പുതുക്കാത്തതും സ്മാര്‍ട്ട് സിറ്റി സിഗ്നലുകളുടെ പരിപാലനക്കരാറുളള സ്വകാര്യ കമ്പനിക്ക് നാലുകോടി കുടിശികയായതുമാണ്  അറ്റകുറ്റപണികള്‍ നിലയ്ക്കാന്‍ കാരണം. 

മെഡിക്കല്‍ കോളജ് , ഉളളൂര്‍ തുടങ്ങി നഗരത്തിന്‍റെ തന്ത്രപ്രധാന ഭാഗങ്ങളില്‍ പലയിടത്തും ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പലയിടത്തും സിഗ്നലുകള്‍ ഇല്ലെന്നതാണ് പ്രശ്നമെങ്കില്‍ മറ്റു ചിലയിടത്ത് എല്ലാം സിഗ്നലും ഒരുമിച്ച് തെളിയും. കുരുക്ക് മുറുകും. 

നഗരത്തില്‍ ട്രാഫിക് സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്നത് കെല്‍ട്രോണും സ്മാര്‍ട് സിറ്റിയുമാണ്. കെല്‍ട്രോണിന്‍റെ ചുമതലയിയുളള സിഗ്നലുകളുടെ വാര്‍ഷിക അറ്റകുറ്റ പണി നടന്നിട്ടില്ല. 2023 ന് ശേഷം കരാര്‍ പുതുക്കാത്തതാണ് കാരണം. സ്മാര്‍ട് സിറ്റിക്ക് 2029 വരെ അറ്റകുറ്റപണിക്കരാര്‍  കാലാവധിയുണ്ട്. തമിഴ്നാട് ആസ്ഥാനമായ മറ്റൊരു കമ്പനിക്കാണ് ചുമതല. ഇവര്‍ക്ക് നല്കാനുളള ഫണ്ട് സ്മാര്‍ട് സിറ്റിക്ക് ഇല്ലാത്തതാണ് പ്രതിസന്ധി. പ്രശ്നം സാങ്കേതികം മാത്രമെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് അധികൃതരുടെ മറുപടി.

ENGLISH SUMMARY:

Traffic signal breakdown in Thiruvananthapuram is causing major disruptions for commuters. The malfunction is due to non-renewal of maintenance contracts for Keltron-managed signals and arrears owed to a private company handling Smart City signals, leading to extensive repair halts.